
കൊല്ലം: റിലയൻസ് ജിയോ രാജ്യത്ത് കൊണ്ടുവന്ന ഇന്റർനെറ്റ് വിപ്ലവത്തിന് കേരളത്തിൽ ഇനി ചുവടുറപ്പിക്കാൻ സാധിക്കുമോ എന്ന് കണ്ടറിയണം. സൗജന്യ ഇന്റർനെറ്റ് എന്ന ജിയോ അവതരിപ്പിച്ച ഓഫറിനെ വെല്ലുന്ന പദ്ധതിയുമായാണ് കേരള സർക്കാർ എത്തുന്നത്. സംസ്ഥാനത്തുടനീളം ഫ്രീ വൈ ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി ആയിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ ഇലക്‌ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിന്റെ ചുമതലയിൽ സർക്കാർ നിർദ്ദേശത്തെ തുടർന്ന് നടപടികൾ ആരംഭിച്ചു.

ഇതിനായി എല്ലാ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളും സ്ഥലസൗകര്യവും വൈദ്യുതിയും ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പുറത്തുള്ള ഹോട്ട് സ്പോട്ടുകള്‍ക്ക് കെ.എസ്.ഇ.ബി. പുതിയ വൈദ്യുത കണക്ഷനുകള്‍ നല്‍കണം. കെ.എസ്.ഇ.ബി.യുടെ വൈദ്യുതത്തൂണുകളിലൂടെ ഇതിനാവശ്യമായ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിക്കാനും അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
