റിയാസ് മൗലവി വധം: യുവജന കൂട്ടായ്മയുടെ കലക്ട്രേറ്റ് ധര്‍ണ്ണയില്‍ രാഷ്ട്രീയം മറന്ന് ഒത്തുകൂടിയത് നൂറുകണക്കിനാളുകള്‍.

  • Post category:news
  • Reading time:2 mins read
You are currently viewing റിയാസ് മൗലവി വധം: യുവജന കൂട്ടായ്മയുടെ കലക്ട്രേറ്റ് ധര്‍ണ്ണയില്‍ രാഷ്ട്രീയം മറന്ന് ഒത്തുകൂടിയത് നൂറുകണക്കിനാളുകള്‍.

കാസര്‍കോട്: കാസര്‍കോട് പഴയചൂരിയിലെ മദ്രസ അദ്ധ്യാപകന്‍ റിയാസ് മൗലവിയുടെ കൊലപാതകം രാഷ്ട്രീയ മുതലെടുപ്പായിരുന്നുവെന്നാരോപിച്ച് കാസര്‍കോട് യുവജന കൂട്ടായ്മുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണയും പ്രതിഷേധ സംഗമവും നടന്നു. നാടിനെ നടുക്കിയ റിയാസ് മൗലവി കൊലപാതകം പോലെ ഇനിയൊരു കൊലപാതകവും ജില്ലയിലുണ്ടാകരുതെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധകര്‍ കലക്ട്രേറ്റിനു മുന്നിലെത്തിയത്. റിയാസ് മൗലവി വധം ഗൂഢാലോചനയില്‍ പങ്കാളികളായ മുഴവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരിക, അന്വേഷണത്തിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക, കാസര്‍കോട്ട് സമാധാനം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. രാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തു കൂടിയ ഒരപൂര്‍വ്വ പ്രതിഷേധ കൂട്ടായ്മ കൂടിയായിരുന്നു ഇത്.

 കാസര്‍കോടിനെ ഒരു കലാപഭൂമിയാക്കി അതിലൂടെ രാഷ്ട്രീയമായി ശക്തിയാര്‍ജ്ജിക്കുക എന്നത് ചിലരുടെ ലക്ഷ്യമാണ്. പറക്കമുറ്റാത്ത പിള്ളേരെക്കൊണ്ട് കൊടുംക്രൂരത ചെയ്യിപ്പിച്ചതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണം. കൊല ചെയ്തവന് പോലും അറിയില്ല എന്തിന് കൊന്നു എന്നത്. ഇതിലൂടെ ആസൂത്രിതമായ അജണ്ടയാണ് ആര്‍.എസ്.എസ് നടപ്പിലാക്കിയതെന്ന് സംശയിക്കണം. ജില്ലയെ സംഘ പരിവാര്‍ പരിക്ഷണശാലയാകുന്നു എന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സി.കെ. അബ്ദുള്‍ ഹസീസ് പറഞ്ഞു. വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ഇത്തരക്കാര്‍ ശ്രമിക്കുമ്പോള്‍, ഇവിടത്തെ മുസ്ലീങ്ങളോടൊപ്പം തോളോടു തോള്‍ ചേര്‍ത്ത് പ്രതികരിക്കാന്‍ ഹിന്ദുക്കളും ഉണ്ടാകും എന്നത് ഇവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നിരപരാധികളെ വേട്ടയാടുന്ന യു.എ.പി.എ നിയമത്തിനെതിരെയും പ്രതികരിക്കണമെന്നും സംഗമത്തില്‍ ആവശ്യമുയര്‍ന്നു.

പതിനായിരത്തിലധികം വര്‍ഗ്ഗീയ കേസുകളാണ് കാസര്‍കോട്ട് മാത്രം കെട്ടിക്കിടക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം കേസുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. പോലീസുകാര്‍ നിഷ്പക്ഷമായിരിക്കണമെന്നും ചിലര്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറരുതെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ സേനയിലുണ്ടെങ്കില്‍ ഇവരെ അകറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഗമത്തില്‍ പ്രസംഗിച്ച എസ്.വൈ.എസ്. വൈസ് പ്രസിഡന്റ് അബുല്‍ ലത്തീഫ് സഅദി പറഞ്ഞു. ജാതി മത രാഷ്ട്രീയ ഭേദമെന്യേ നൂറുകണക്കിന് ആളുകളാണ് യുവജന കൂട്ടായ്മയുടെ പ്രതിഷേധ ധര്‍ണ്ണയിലും സംഗമത്തിലും പങ്കെടുത്തത്.

കാസര്‍കോട് യുവജന കൂട്ടായ്മയുടെ ജില്ല പ്രസിഡന്റ് ഇബ്രാഹിം ബാങ്കോട്, ജനറല്‍ സെക്രട്ടറി ഹാരിസ് ബന്നു, കിഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് കലട്ര മഹിന്‍ ഹാജി, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, ആര്‍.വൈ.എഫ്. സറ്റേറ്റ് വൈസ് പ്രസിഡന്റ് കരീം ചന്ദേര, യൂത്ത് ലീഗ് സ്റ്റേറ്റ് സെക്രട്ടറി എ.കെ.എം. അഷ്റഫ്, തൃണമൂല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ശങ്കരന്‍, പി.ഡി.പി. സ്റ്റേറ്റ് ലീഡര്‍ സ്വാമി വര്‍ക്കലരാജ്, അജിത്കുമാര്‍ ആസാദ്, ജനാതാദള്‍ യു ജില്ലാ പ്രസിഡന്റ് എ.ബി .രാമകൃഷ്ണന്‍, രാഘവന്‍ വെളുത്തോടി, ആംആദ്മി രാഷ്ട്രീയ സമിതി അംഗം, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യുസുഫ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി മണികണ്ഠന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി. പ്രഭാകരന്‍, ഐ.എസ്.എഫ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ നൗഫല്‍ ഉളിയത്തടുക്ക, പി.ഡി.പി വൂമണ്‍ സ്റ്റേറ്റ് സംഘടന പ്രതിനിധി ശശി കുമാരി, അബ്ദുറഹിമാന്‍ തെരുവത്ത്, ഉബൈദുള്ള കടവത്ത് എന്നിവര്‍ സംബന്ധിച്ചു.

0Shares