കാസര്‍കോട്: ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദത്തിന് സീറ്റ് സംഘടിപ്പിച്ച് തരാമെന്ന് ഉറപ്പ് നല്കി രണ്ടുകോടിയിലെറെ രൂപ കൈവശപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിനടുത്ത് പടന്ന സ്വദേശി മുസെഫ് ഷാന്‍ മുഹമ്മദാണ് (23) അറസ്റ്റിലായത്. പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന ഇയാളെ ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. ഷാജുവും സംഘവും കാസര്‍കോട്ട് വച്ചാണ് പിടികൂടിയത്. ചാലക്കുടി സ്വദേശിയായ യുവ ഡോക്ടറാണ് ഈ തട്ടിപ്പ് വീരന്റെ കെണിയില്‍ അകപ്പെട്ട് വഞ്ചിതനായത്. ബാംഗ്ലൂര്‍ മഡിവാളയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റേഡിയോളജി എം.ഡി കോഴ്സിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് ഉറപ്പ് നല്കി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ പല തവണകളായി അദ്ദേഹത്തിന്റെ പക്കല്‍ നിന്നും പ്രതി പണം കൈപ്പറ്റി.

പ്രവേശന സമയമടുത്തപ്പോള്‍ ഡോക്ടറെ ബംഗളൂരുവിലുള്ള മെഡിക്കല്‍ കോളേജില്‍ കൂട്ടിക്കൊണ്ടുപോയി, കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെന്ന വ്യാജേന ഒരാളെ പരിചയപ്പെടുത്തുകയും 20 ലക്ഷം കൂടി ആവശ്യപ്പെടുകയുമായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പ്രതി തന്ത്രപൂര്‍വ്വം മറ്റു ചില കാര്യങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പണം നല്‍കാത്ത പക്ഷം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ബംഗളൂരൂ കേന്ദ്രമാക്കി മാത്തിക്കര എന്ന സ്ഥലത്ത് കൂറേ കാലമായി ‘സീക്കേഴ്സ് ഗ്ലോബല്‍’ എന്ന പേരില്‍ എഡുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തി വരികയാണ് എന്ന് മനസ്സിലായി. ഡി.വൈ.എസ്.പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി കാസര്‍കോട്ടുള്ള വിവരം ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഇത്തരത്തില്‍ മറ്റു പലരെയും വഞ്ചിച്ചതായി അറിയുന്നു. അന്വേഷണവും ചോദ്യം ചെയ്യലും പൂര്‍ത്തിയാവുന്നതോടെ ഈ അന്തര്‍സംസ്ഥാന തട്ടിപ്പു വീരനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വരുമെന്നാണ് അറിഞ്ഞത്.