ജിദ്ദ: തെക്കൻ അറേബ്യയിൽ ആഞ്ഞുവീശുന്ന മെകുനു ചുഴലിക്കാറ്റിനെ നേരിടാൻ സൗദി സജ്ജമായി. വരും ദിവസങ്ങളിൽ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. ജനറൽ അതോറിറ്റി ഒാഫ് മീറ്റീറോളജിയുടെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ വേണ്ട കരുതൽ നടപടികൾ സ്വീകരിച്ചതായി നജ്റാൻ സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുൽ ഖാലിക് അലി അൽ ഖഹ്താനി അറിയിച്ചു. ദേശീയ പ്രകൃതി ദുരന്ത മാനദണ്ഡ പ്രകാരമുള്ള ഉയർന്ന നിലയിലുള്ള മുന്നൊരുക്കങ്ങളാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
റിയാദിന് വടക്ക് ഭാഗത്തെ ആശുപത്രികൾക്ക് ആരോഗ്യ ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം അടിയന്തിര ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഹൂത ബനീ തമീം, ഹരീഖ്, അഫ്ലാജ്, സുലൈൽ, വാദിദവാസിർ എന്നിവിടങ്ങളിലെ ആശുപത്രികളിലെ അടിയന്തിര, ദുരന്തനിവാരണ, ആംബുലൻസ് സേവന വകുപ്പുകളോട് ജാഗ്രതപുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മെകുനു ചുഴലിക്കാറ്റിനെ നേരിടാൻ സൗദി മുൻകരുതൽ നടപടികൾ സ്വീകരിച്ചു