വാഷിംങ്ടണ്‍: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീംങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡണ്ട് ട്രംപിന്റെ ഉത്തരവ് സിയാറ്റില്‍ കോടതി താത്കാലികമായി തടഞ്ഞു. എന്നാല്‍, ഉത്തരവിനെ ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ഫെഡറല്‍ ജഡ്ജ് ജെയിംസ് റോബര്‍ട്ട് തള്ളി. പ്രവേശന വിലക്ക് സംബന്ധിച്ച ഉത്തരവിനെതിരെ അമേരിക്കയിലൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

ഇറാന്‍, ഇറാഖ്, സിറിയ, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് ട്രംപ് 90 ദിവസത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തരവിനെ തുടര്‍ന്ന് 60,000ത്തോളം പേരുടെ വിസകള്‍ റദ്ദാക്കിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശകലനം. അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന യു.എസ് റെഫ്യൂജി അഡ്മിഷന്‍ പ്രോഗ്രാം 120 ദിവസത്തേക്ക് നിര്‍ത്തി വച്ചിരുന്നു. ട്രംപിന്റെ ഈ ഉത്തരവ് നേരത്തെ തന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ രാജ്യ വ്യാപകമായി ഉത്തരവ് തടയുന്നത് ഇതാദ്യമാണ്.