മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ കൊലപാതകം; അന്വേഷണം പ്രഹസനമാകുമോ?; ശ്രീറാം വെങ്കിട്ടരാമന് മറവി രോഗമെന്ന പുതിയ വാദവുമായി ഡോക്ടര്‍മാര്‍

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ കൊലപാതകം; അന്വേഷണം പ്രഹസനമാകുമോ?; ശ്രീറാം വെങ്കിട്ടരാമന് മറവി രോഗമെന്ന പുതിയ വാദവുമായി ഡോക്ടര്‍മാര്‍

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന പുതിയ വാദവുമായി ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു. അപകടം നടന്ന മൂന്നാം തിയതി ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ കോളേജില്‍ എത്താതെ കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

എം.ബി.ബി.എസ് ബിരുദധാരിയായ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്‍റെ സാന്നിധ്യം കുറച്ച് കേസ് ദുര്‍ബലപ്പെടുത്താനാണെന്ന് ആക്ഷേപം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്ന രക്തപരിശോധനാ ഫലവുമായിരുന്നു പുറത്തുവന്നത്. ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിനായില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇക്കാരണം കൊണ്ട് മാത്രമാണ് ശ്രീറാമിന് കോടതി ജാമ്യം നല്‍കിയതും.

0Shares