ന്യൂഡല്‍ഹി: മുംബൈ- ന്യൂഡെല്‍ഹി രാജധാനി എക്സ്പ്രസില്‍ വന്‍കവര്‍ച്ച. 25 യാത്രക്കാരെ മയക്കുമരുന്ന് നല്‍കി മയക്കി ബാഗുകളും പഴ്സുകളും കവര്‍ന്നു. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 10- 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നുമണിക്കും രാജസ്ഥാനിലെ കോട്ടയില്‍ വച്ചാണ് സംഭവം. എ.സി 2 ടയര്‍, 3 ടയര്‍ കോച്ചുകളാണു കൊള്ളക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ എ1, എ3, ബി6, ബി7, ബി9, ബി10, ബി5 കോച്ചുകളിലെ യാത്രക്കാര്‍ക്കു നേരെയായിരുന്നു ആക്രമണം. റെയില്‍വേ കാന്റീന്‍ ജീവനക്കാരുടെ സഹായത്തോടെ ആഹാരത്തില്‍ മയക്കുമരുന്നു ചേര്‍ത്താണു കവര്‍ച്ച നടത്തിയതെന്ന് യാത്രക്കാര്‍ റെയില്‍വേ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മയക്കത്തിലായിരുന്ന യാത്രക്കാര്‍ക്ക് രാജസ്ഥാനിലെ കോട്ട ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിയപ്പോഴാണു തങ്ങളുടെ പഴ്സുകളും ബാഗുകളും കവര്‍ച്ച ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടത്.
ഉടന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. യാത്രക്കാരുടെ അവശേഷിച്ച ബാഗുകള്‍ ശൗചാലയത്തിനു സമീപം കണ്ടെത്തി. തുടര്‍ന്ന് യാത്രക്കാര്‍ ന്യൂഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനിലെ റെയില്‍വേ പോലീസിനു പരാതി നല്‍കി.
പണം, ഐഫോണ്‍, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍, രേഖകള്‍ തുടങ്ങിയവയും കവര്‍ച്ച ചെയ്തവയില്‍പ്പെടുന്നു. അതേസമയം, അന്വേഷണം നടക്കുകയാണെന്നും എല്ലാ കോച്ചുകളിലും സി.സി.ടി.വി ക്യാമറ സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെന്നും ഇതു പരിശോധിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ ജീവനക്കാരുടെ പങ്കും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
