മത പ്രഭാഷകരെയും എസ്.എഫ്.ഐയെയും വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; വീഡിയോ വൈറലായതോടെ കോഴിക്കോട് സ്വദേശിനി ബെന്ന ഫാത്തിമയ്ക് ഉണ്ടായ അനുഭവം; ചാനൽ ആർ.ബി യോട് പറയുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing മത പ്രഭാഷകരെയും എസ്.എഫ്.ഐയെയും വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; വീഡിയോ വൈറലായതോടെ കോഴിക്കോട് സ്വദേശിനി ബെന്ന ഫാത്തിമയ്ക് ഉണ്ടായ അനുഭവം; ചാനൽ ആർ.ബി യോട് പറയുന്നു

കോഴിക്കോട് : മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഫ്ലാഷ് മോബ് നടത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയായി കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രതീകാത്മക ഫ്ലാഷ് മോബ് നടത്തിയിരുന്നു. പെണ്‍കുട്ടികളെ അധിക്ഷേപിച്ച മത മൌലികവാദികള്‍ക്ക് മറുപടിയും വെല്ലുവിളിയായികൊണ്ടായിരുന്നു എസ്.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളില്‍ ഫ്ലാഷ് മോബുകള്‍ അവതരിപ്പിച്ചുകൊണ്ട് പ്രതിഷേധം തീർത്തത്.

സോഷ്യൽ മീഡിയ എസ്.എഫ്.ഐ തീർത്ത ഫ്ലാഷ് മോബിനെതിരെയും പ്രതികരിച്ചു തുടങ്ങി എന്നുവേണം പറയാൻ. ഇത്തവണ താരമായിരിക്കുന്നത് ഡൽഹിയിൽ പഠനം നടത്തുന്ന കോഴിക്കോട് സ്വദേശിനിയാണ്. മലപ്പുറത്തെ പെൺകുട്ടികളുടെ ഫ്ലാഷ് മോബും പിന്നീട് ഉണ്ടായിരിക്കുന്ന വിമർശനവും നോക്കിക്കണ്ട പെൺകുട്ടി എസ്.എഫ്.ഐയുടെ ഇടപെടലിനെ ശക്തമായി വിമർശിക്കുകയും ചെയ്യുന്നു. ബെന്ന ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനി പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയലിൽ ചർച്ചാവിഷയമാണ്. വീഡിയോ പോസ്റ്റ്‌ ചെയ്ത് ഒരു ദിവസം തികയുന്നതിന് മുന്‍പ് തന്നെ നാല് ലക്ഷത്തില്‍ ആധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്.

ചില കാര്യങ്ങള്‍ പറയണം എന്ന് തോന്നി എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയില്‍ ബെന്ന രൂക്ഷവും ശക്തമായതുമായ ചോദ്യങ്ങള്‍ ആണ് എസ്.എഫ്ഐയോട് ഉയര്‍ത്തിയത്. ലവ് ജിഹാദിന്റെ പേരില്‍ ഒരാളെ ചുട്ട് കൊന്നപ്പോഴോ, പോലീസ് തടങ്കലില്‍ ഒരു സഹോദരി ഘര്‍വാപസിക്ക് വിധേയമാക്കാന്‍ ശ്രമിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോഴോ സഖാക്കളുടെ ഐക്യപ്പെടല്‍ ഒന്നും കണ്ടില്ലല്ലോ എന്ന് ബെന്ന ചോദിക്കുന്നു.

ഉത്തരേന്ത്യയില്‍ നടന്നു എന്ന് പറഞ്ഞ് ഒഴിവാകുന്ന രീതി അവലംബിക്കുന്ന സംഘടനയുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന ബെന്ന ആ കൊലപാതകങ്ങളില്‍ സംഘടയ്ക്കുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നും പിറകോട്ട് പോകാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നു. മലപ്പുറത്ത്‌ പെണ്‍കുട്ടികള്‍ തെരുവില്‍ ഇറങ്ങിയെങ്കില്‍ അത് ചരിത്രത്തിന്റെ പിന്‍ബലത്തില്‍ ആണെന്നും ആയിഷയുടെയും ഹാജിരയുടെയും കഥകള്‍ കേട്ട് വളര്‍ന്ന തങ്ങള്‍ക്ക് എസ്.എഫ്.ഐയുടെ പിന്തുണ അക്കാര്യത്തില്‍ ആവശ്യമില്ല എന്നും ബെന്ന തുറന്നടിക്കുന്നു.

എസ്. എഫ്.ഐയ്ക്ക് മാത്രമല്ല, വെര്‍ച്വല്‍ മുഫതികളോടും മൌലാനമാരോടും എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയുടെ അവസാനഭാഗത്ത് അന്തിമയങ്ങുമ്പോള്‍ തെരുവില്‍ നിങ്ങള്‍ മൈക്ക് കെട്ടി വിളിച്ചുപറയുന്ന തെറി പ്രസംഗങ്ങളെക്കാള്‍ വലുതല്ല ഫ്ലാഷ് മോബ് എന്ന് പറഞ്ഞുകൊണ്ട് യാഥാസ്ഥിതികരെയും പാടെ എതിര്‍ക്കുന്നുണ്ട് ബെന്ന. വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത് ഒരു ദിവസം തികയുന്നതിന് മുൻപ് തന്നെ വൻ പ്രചാരമാണ് ലഭിച്ചത്.

തന്റെ വീഡിയോ വൈറൽ ആയതിനെ തുടർന്ന് ഇടത് വിദ്യാർ്‌തഥി സംഘടനക്കാരും, മത യഥാസ്ഥിതികരും ഒരുപോലെ വിമർശനങ്ങളുമായി തന്റെ ഇൻബോക്സിലും കമന്റിലും ഫോണിലും, നേരിലും വന്നുവെന്ന് ബെന്ന ചാനൽ ആർ.ബിയോട് പറഞ്ഞു. ഡൽഹിയിൽ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സോഷ്യോളജി ബിരുദം ഒന്നാം വർഷത്തിൽ പഠിക്കുകയാണ് ബെന്ന ഇപ്പോൾ. എസ്.എഫ്.ഐയ്ക്ക് ഭൂരിപക്ഷമുള്ള ക്യാംപസിൽ ക്ലാസിൽ തന്നെ കുട്ടികൾ, മതത്തിന് ഉപരിയായിഅല്ലേ ചിന്തിക്കുകയും പറയേണ്ടതും എന്ന് നേരിൽ ചോദിച്ചതായി ബെന്ന പറയുന്നു.

 

മതത്തിന്റെ രീതികളെയും വിശ്വാസങ്ങളെയും ബെന്ന ചോദ്യം ചെയ്യുന്നു എന്നായിരുന്നു യാഥാസ്ഥിതികരുടെ പരിവേദനം. എന്നാല്‍ താന്‍ എതിര്‍ക്കുന്നത് മത ആചാരങ്ങളെയും വിശ്വാസങ്ങളെയും അല്ല, മറിച്ച്, അതിന്റെ പേരില്‍ കാട്ടുന്ന കൊള്ളരുതായ്മകളെ ആണ് എന്ന് ബെന്ന ചാനല്‍ ആര്‍.ബിയോട് ആവർത്തിച്ച് പറഞ്ഞു .

മുസ്ലിം പേര് ഉണ്ടായി എന്ന കാരണത്താൽ കൊലചെയ്യപ്പെടുന്ന കാലത്തിൽ എങ്ങിനെ ഉപരിയായി ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിയും എന്ന മറുചോദ്യമാണ് ബെന്ന ഉയർത്തുന്നത്. യഥാസ്ഥിതികരോടും ഐക്യപ്പെടലിന്റെ തീഷ്ണപിന്തുണയുമായി വന്ന ഇടത് വിദ്യാർത്ഥി പ്രവര്‍ത്തകരോടും ബെന്നയ്ക്ക് പറയാനുള്ളത് ഇത്രമാത്രം. ഞാന്‍ എന്റെ അഭിപ്രായം വളരെ വ്യക്തമായും ദൃഡമായും പറഞ്ഞുകഴിഞ്ഞു. നിങ്ങളുടെ എതിര്‍പ്പുകള്‍ എന്റെ അഭിപ്രായത്തെ മാറ്റാന്‍ പര്യാപ്തമല്ല എന്ന്.

 

https://www.youtube.com/watch?v=77-jb8RadQg

0Shares