
കാസർകോട് ജില്ലയിലാകെ ചിതറിക്കിടക്കുന്ന പള്ളികളും ഹൈന്ദവാരാധനാലയങ്ങളും തമ്മിൽ ബന്ധമുണ്ടെന്നത് ഇരുവിഭാഗങ്ങളും സഹവർത്തിത്വത്തോടെ ഇവിടെ ജീവിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ്. ഉദ്യാവർ പള്ളിയും മാടം ക്ഷേത്രവും തമ്മിലും മടിയൻ കൂലോം ക്ഷേത്രവും അതിഞ്ഞാൽ പള്ളിയും തമ്മിലും കമ്മാടം പള്ളിയും നെരോത്ത് ക്ഷേത്രവും തമ്മിലും ഏണിയാടി പള്ളിയും ബന്തടുക്കയിലെ ക്ഷേത്രവും തമ്മിലും അനുഷ്ഠാനപരമായ ബന്ധങ്ങളുണ്ടന്ന് കാണാം. പാണത്തൂരിലെ മുസ്‌ലിം പള്ളിയും മഞ്ഞടുക്കം ക്ഷേത്രവും തൃക്കരിപ്പൂർ കണ്ണമംഗലം കഴകവും വാൾവക്കാട് പള്ളിയും തമ്മിലും അനുഷ്ഠാനപരമായ ബന്ധങ്ങളുണ്ട്. ആരാധനാലയങ്ങൾ തമ്മിലുള്ള ബന്ധമെന്നത് ഇരുവിഭാഗം ജനങ്ങൾ തമ്മിലുള്ള സുദൃഢമായ ബന്ധമല്ലാതെ മറ്റൊന്നുമല്ല. വിവിധ ആരാധനാലയങ്ങളിൽ ഇതരവിഭാഗങ്ങളുടെ സജീവ സാന്നിധ്യം പല സന്ദർഭങ്ങളിലും നാം കാണുന്നു.
കുറ്റിക്കോൽ ഭഗവതി കഴകത്തിൽ കളിയാട്ടം നടക്കുമ്പോൾ വെടിക്കെട്ട് നടത്താനുള്ള അവകാശം മുസ്‌ലിം കുടുംബത്തിനാണ്. മരക്കാപ്പ് കടപ്പുറത്തെ സിയാറത്തിങ്കര പള്ളിയിൽ മുക്കുവർ പ്രാർഥിക്കാനെത്തുന്നു. മടിക്കൈ കണിക്കൂലോത്തെ ഐവർ പരദേവതകളിലൊരാൾ ഷെയ്ഖാണ്. രാമവില്യം കഴകത്തിലെ കളിയാട്ടത്തിന് മുസ്‌ലിങ്ങൾ ബാൻഡ് വാദ്യവും ദഫ് മുട്ടും അവതരിപ്പിക്കും. പ്രസിദ്ധമായ നെല്ലിക്കാതുരുത്തി കഴകവും തൊട്ടടുത്തുള്ള മുസ്‌ലിം തറവാടും തമ്മിലുള്ള ബന്ധം വളരെ പ്രസിദ്ധമാണ്. ഉപ്പളയിലെ കൊണ്ടേവൂർ ആശ്രമത്തിൽ എല്ലാ വിഭാഗങ്ങളും എത്തിച്ചേരുന്നു. പെർള പഞ്ചുരുളി പതിയിൽ മുസ്‌ലിങ്ങൾ പോകുമ്പോൾ ഇളനീർ കാണിക്കയായി സമർപ്പിക്കുന്നു. ഷിറിയ മുഹിയുദ്ദീൻ പള്ളിയും ബപ്പിരിയൻ പതിയും തമ്മിൽ നൂറ്റാണ്ടുകളായി ബന്ധം നിലനിൽക്കുന്നു. സിറിബാഗിലു പുളിക്കൂർ മഹാദേവ ക്ഷേത്രത്തിൽ ബ്രഹ്മകലശോത്സവം നടക്കുമ്പോൾ എട്ട് മുസ്‌ലിം പള്ളികളിൽനിന്ന് (കണ്ണൂർ പള്ളി, മായിപ്പാടി, സിറിബാഗിലു, പുളിക്കൂർ, ഭദ്രപ്പള്ളി, ഉഡുവ, പെരിയടുക്ക, ബേരപ്പള്ളി എന്നിവ) കാഴ്ച കൊണ്ടുവരുന്നു.
സിറിബാഗിലുവിലെ പള്ളി നിർമിക്കാനാവശ്യമായ സ്ഥലവും നിർമാണത്തിനാവശ്യമായ സാമ്പത്തികസഹായവും ഇതര മതവിശ്വാസികളാണ് നൽകിയത്. അംഗഡിമുഗറിലെ ദേലമ്പാടി മഹാലിംഗേശ്വര ക്ഷേത്രത്തിൽ ബ്രഹ്മകലശം നടക്കുമ്പോൾ രണ്ടു ദിവസത്തെ ഭക്ഷണം ഒരു മുസ്‌ലിം തറവാടാണ് നൽകുന്നത്. ബപ്പനാട് ദുർഗാപരമേശ്വരി ക്ഷേത്രം നിർമിക്കാൻ വലിയ സഹായം നൽകിയത് ഒരു മുസ്‌ലിം വ്യാപാരിയാണ്. പ്രധാനപ്പെട്ട അഡൂർ ക്ഷേത്രത്തിലെ കൊടിമരത്തിനുമുന്നിൽ തന്ത്രി പ്രാർഥന നടത്തുമ്പോൾ മൊഗ്രാലിൽനിന്ന് സാഉക്കർ കുഞ്ഞിപ്പക്കിയുടെ കുടുംബത്തിൽനിന്ന് പ്രതിനിധികൾ ഉണ്ടാകണം. അഡൂരിൽ എവിടെയും വയനാട്ട് കുലവൻ തെയ്യം നടക്കുമ്പോൾ അട ലഭിക്കാനുള്ള അവകാശവും ഈ കുടുംബത്തിനുണ്ട്.
വരിക്കുളം (കൊളത്തൂർ) കോടോത്ത് തറവാട്ടിൽ രണ്ടുകൊല്ലത്തിൽ ഒരിക്കൽ കളിയാട്ടം നടക്കുമ്പോൾ ചെലവിലേക്കായി ചെമ്പുപാത്രത്തിൽ പഞ്ചസാരയുമായി മുസ്‌ലിം തറവാട്ടുകാർ വരും. മുളിയാർ ഗ്രാമത്തിലെ ബാവിക്കര പള്ളിയിൽ ഉറൂസ് നടക്കുമ്പോൾ ഹിന്ദുവിഭാഗത്തിൽപ്പെട്ടവർ പള്ളിയിൽ വെള്ള വിരിക്കുന്ന ചടങ്ങുണ്ട്. പള്ളങ്കോട് പ്രദേശത്ത് ജനങ്ങൾക്ക് ചൊറി, പനി തുടങ്ങിയ ദീനം വരുമ്പോൾ അവർ പള്ളങ്കോട് പള്ളിയിൽ നേർച്ച നേരും. പുത്തിഗെയിലെ കിന്നിമാണി പൂമാണി ക്ഷേത്രത്തിലെ രഥോത്സവത്തിൽ പുതക്കാനുള്ള പുടവ തൊട്ടടുത്ത ജുമാമസ്ജിദിൽനിന്നാണ് എത്തിക്കുന്നത്. പല മുസ്‌ലിം മഖ്ബറകളിലും സന്ധ്യക്ക് വിളക്ക് കൊളുത്തിവെക്കുന്നു. ഉറൂസുകളിൽ നാനാജാതി വിഭാഗങ്ങൾ പങ്കെടുക്കുന്നു.
വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിന്റെയും നേർക്കാഴ്ചകളാണ് ഈ ബന്ധങ്ങളെല്ലാം. നമുക്കല്ലാതെ മറ്റാർക്കാണ് മുസ്‌ലിം തെയ്യങ്ങളുള്ളത്. മാലോത്തെ മുക്രി പോക്കർ തെയ്യം, കക്കാട്ടെ ഉമ്മച്ചി തെയ്യം, കുമ്പള ആരിക്കാടിയിലെ ആലിച്ചാമുണ്ഡി തെയ്യം, ബപ്പിരിയൻ തെയ്യം തുടങ്ങി നിരവധി മുസ്‌ലിം തെയ്യങ്ങൾ. മുഹ്‌റം ആഘോഷവേളയിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ അടുത്തകാലം വരെ നടന്നുവന്നിരുന്ന അലാമിക്കളി ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ജീവത്തായ രേഖയാണ്. തെയ്യത്തിന്റെ വായ്ത്താരി എല്ലാവർക്കും ഗുണം വരണമെന്നാണ്. “ഗുണം വരണം മക്കത്തെ കപ്പലിനും ഗുണം വരണം” എന്ന് തെയ്യം പറയും.
( ‘കാസര്‍കോടിനൊരിടം’ ജനകീയ ഫേസ്‌ബുക്ക് കൂട്ടായ്മ ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത്)
