മംഗലാപുരത്തെ ആശുപത്രികൾക്ക് തീറെഴുതി കൊടുത്തിരിക്കുന്ന കാസര്‍കോട് ജില്ലയിലെ മെഡിക്കല്‍ സംവിധാനങ്ങള്‍; ഒരു രാത്രി മുഴുവന്‍ വയറുവേദനയുമായി ആശുപത്രികള്‍ കയറിയിറങ്ങിയ യുവാവ് പറയുന്നു

  • Post category:news
  • Reading time:3 mins read
You are currently viewing മംഗലാപുരത്തെ ആശുപത്രികൾക്ക് തീറെഴുതി കൊടുത്തിരിക്കുന്ന കാസര്‍കോട് ജില്ലയിലെ മെഡിക്കല്‍ സംവിധാനങ്ങള്‍; ഒരു രാത്രി മുഴുവന്‍ വയറുവേദനയുമായി ആശുപത്രികള്‍ കയറിയിറങ്ങിയ യുവാവ് പറയുന്നു

കാസര്‍കോട്: ‘കാസര്‍കോടിനൊരിടം’ എന്ന ഫേസ്ബുക്ക് സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം മുഹമ്മദ്‌ സമില്‍ ബിന്‍ ഫൈസല്‍ എന്ന യുവാവ് ചെയ്ത പോസ്റ്റ് കാസര്‍കോട് ജില്ലയിലെ ഹോസ്പിറ്റല്‍- ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയെ സംബന്ധിച്ച് വ്യക്തമായ ചിത്രം ജനങ്ങളിലേക്കും അധികാരികളിലേക്കും പങ്കുവെക്കുന്ന ഒന്നാണ്. രാത്രി അതികഠിനമായ വയറു വേദന കാരണം നഗരത്തിലെ ആശുപത്രികൾ കയറി ഇറങ്ങി ഫലം കാണാതെ മംഗലാപുരത്തെ ആശ്രയിക്കേണ്ടി വന്നു എന്ന് മുഹമ്മദ്‌ പറയുമ്പോള്‍, വികസന മുരടിപ്പിന്റെ ശവപ്പറമ്പായ കാസർകോടിൽ ഒരു ദുരന്ത സ്മാരകം പോലെ ഒരു കെട്ടിടമുണ്ട്. വർഷങ്ങൾ കൊണ്ട് ഒച്ച് വേഗതയിൽ ഉയർന്നുവരുന്ന മെഡിക്കൽ കോളേജ്.. എന്നാണ് സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളേജിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വയറുവേദനയ്ക്ക് സ്കാന്‍ ചെയ്യാന്‍ നഗരപ്രദേശങ്ങളിലേ മുഴുവൻ ആശുപത്രികളും ചെന്ന് നോക്കിയെങ്കിലും ഒരിടത്തു പോലും രാത്രി സ്കാൻ ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം പോലും ലഭ്യമായില്ല എന്ന് മുഹമ്മദ്‌ ആരോപിക്കുന്നു.

കാസര്‍കോട് ജില്ലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും, ജില്ലയിലെ ഓരോ വിഷയങ്ങളിലും സജീവമായി സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും സജീവ ഇടപെടലുകള്‍ നടത്തുന്ന എഫ്. ബി ഗ്രൂപ്പാണ് ‘ കാസര്‍കോടിനൊരിടം’ ഈ പോസ്റ്റ് വരികയും ശ്രദ്ധയില്‍പെടുകയും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസിലാകുകയും ചെയ്ത ഗ്രൂപ്പ് അഡ്മിന്‍സ് പോസ്റ്റുമായി ബന്ധപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ കണ്ടു സംസാരിച്ചു.സ്കാനിങ് മിഷൻ ഉപയോഗിക്കാതെ നശിച്ചുപോയി. കാരണം അതിനു പ്രത്യേക സ്റ്റാഫ് അനുവദിച്ചിട്ടില്ല. റേഡിയോളജി, ഡൈഗ്നോസീസ് എന്നിവയ്ക്ക് രണ്ടാൾ വേണം എന്നിരിക്കെ രണ്ടിനും കൂടി ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോക്ടറെ ആണ് ഇവിടെ നിയമിച്ചിട്ടുള്ളത്. രണ്ടിനും പ്രത്യേക ഡോക്ടേഴ്സ് ഇല്ലാതെ സ്കാൻ(റേഡിയോളജി) പ്രവർത്തിപ്പിക്കാൻ സാധിക്കില്ല.

ഒരു പുതിയ നിയമനം(നിലവിൽ അങ്ങനെ ഒരു തസ്തിക ഇവിടെയില്ല) ആവാതെ സ്കാൻ പൂർണ്ണ സജ്ജമാക്കൻ സാധ്യമല്ല.എന്നാൽ ഇവിടെയെത്തുന്ന ഗർഭിണികൾക്ക് സ്കാൻ ചെയ്യാൻ വേണ്ടി കരാർ അടിസ്ഥാനത്തിൽ സൗകര്യ ലാബിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.ടെണ്ടർ അടിസ്ഥാനത്തിൽ സർക്കാർ ആണ് ആ ചിലവ് വഹിക്കുന്നത്.രോഗികൾക്ക് സൗജന്യമായി സ്കാൻ ചെയ്യാം.ഇനി പുതിയ ആൾ നിയമിതനായാൽ തന്നെ പുതിയ മിഷൻ അനുവദിക്കാതെ പ്രവർത്തനം തുടങ്ങാനും പറ്റില്ല.മിഷൻ എത്തിയാൽ റൂം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് സൂപ്രണ്ട് കാസർകോടിനൊരിടം ഗ്രൂപ്പ് അഡ്മിന്‍സിനോട് പറയുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവും പരാതിയുമായി ആരോഗ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

 

മുഹമ്മദ്‌ സമില്‍ ബിന്‍ ഫൈസല്‍ ചെയ്ത പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ ദിവസം ഞാനനുഭവിച്ച വേദന നിങ്ങൾക്ക് നിസ്സാരമായി തോന്നിയേക്കാം, എങ്കിലും ഒരു ബദൽ സംവിധാനമോ പ്രതിവിധിയോ നമ്മുടെ കാസർകോട് വരാത്തിടത്തോളം ഇനിയുമീ ദുരിത കഥ പലരും പറഞ്ഞേക്കാം. എന്തെങ്കിലും ചെയ്യാൻ നമുക്കാവുമെങ്കിൽ അതിനുവേണ്ടി ഞാനെന്റെ അനുഭവം പങ്കുവെക്കുന്നു…

വികസന മുരടിപ്പിന്റെ ശവപ്പറമ്പായ കാസർകോടിൽ ഒരു ദുരന്ത സ്മാരകം പോലെ ഒരു കെട്ടിടമുണ്ട്. വർഷങ്ങൾ കൊണ്ട് ഒച്ച് വേഗതയിൽ ഉയർന്നുവരുന്ന മെഡിക്കൽ കോളേജ്. ഒരു ശാപമോക്ഷം കാത്ത് ഇനിയുമെത്ര കാലം അതവിടെയുണ്ടാവും എന്നറിയില്ല. പക്ഷെ അതുവരെ ദുരിതം തിന്നുതീർക്കാൻ വിധിക്കപെട്ട വർഗമായി നാം കഴിഞ്ഞു കൂടാ. നല്ല ഷോപ്പിംഗ് മാളുകളോ തിയ്യേറ്ററുകളോ കല്യാണ മണ്ഡപങ്ങളോ അല്ല നമുക്കത്യാവശ്യമെന്നും 24 മണിക്കൂർ സേവനമുള്ള അത്യാധുനിക ആശുപത്രിയാണ് അത്യാവിശ്യമെന്നും നാം തിരിച്ചറിയണം.

കഴിഞ്ഞ ദിവസം രാത്രി അതികഠിനമായ വയറു വേദന കാരണം നഗരത്തിലെ ആശുപത്രികൾ കയറി ഇറങ്ങി ഫലം കാണാതെ മംഗലാപുരത്തെ ആശ്രയിക്കേണ്ടി വന്നു. സാധാരണ വേദനകളെ കാര്യമായി എടുക്കാറില്ലെങ്കിലും സഹിക്കാവുന്നതിലും അപ്പുറമായതിനാലാണ് ആശുപത്രിയിൽ ചെന്നത്. രാത്രി എന്ന് പറയുമ്പോൾ അർദ്ധ രാത്രിയൊന്നുമല്ല,8 മണി സമയം. രാത്രി കാലങ്ങളിൽ നഗരത്തിലെ ആശുപത്രികളിൽ വേണ്ട സൗകര്യങ്ങളോ ജീവനക്കാരോ കുറവാണെന്നു അറിയാമെങ്കിലും അത്യാവിശ്യത്തിലും അപ്പുറമായതിനാലാണ് കാസർകോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചെന്നത്. എന്നാലവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഡോക്ടറെ വിളിച്ചുവരുത്താൻ അവർ തയ്യാറായതുമില്ല.

എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് വേദനയെങ്കിലും അത്ര കാര്യമാക്കാനില്ല എന്നായിരുന്നു നഴ്‌സും ഡ്യൂട്ടി ഡോക്ടറും പറഞ്ഞത്. കൂടുതൽ അറിയാൻ സ്കാൻ ചെയ്തു നോക്കാൻ പറഞ്ഞു. ഞാനതിനു റെഡിയായെങ്കിലും അവിടെ സ്കാൻ ചെയ്യാനുള്ള സൗകര്യം ഇല്ലായിരുന്നു. വേദനസംഹാരിയും മറ്റ് മരുന്നുകളും തന്നു ഡോക്ടർ തിരിച്ചയച്ചെങ്കിലും വേദന മാറാത്തതിനാൽ നഗരപ്രദേശങ്ങളിലേ മുഴുവൻ ആശുപത്രികളും ചെന്ന് നോക്കിയെങ്കിലും ഒരിടത്തു പോലും രാത്രി സ്കാൻ ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നില്ല. വയറു വേദന ആയതു കൊണ്ട് അത്ര സീരിയസ് ആയി എടുക്കണ്ട എന്ന നിലപാടിൽ ആയിരുന്നു അവർ. പിന്നീട് പുലിക്കുന്നിലെ സ്കാൻ സെന്ററിൽ ചെന്നെങ്കിലും അവിടെയുമില്ല. നഗരത്തിൽ എവിടെയൊക്കെ പകൽ നേരത്തു സ്കാൻ സൗകര്യമുണ്ടോ അവിടെയൊക്കെ ചെന്നു നോക്കി എവിടെയും ഒരു രക്ഷയുമില്ല.

നമ്മുടെ നാട്ടിലെ എമെർജെൻസി മംഗലാപുരത്തെ ആശുപത്രികൾക്ക് തീറെഴുതി
കൊടുത്തിരിക്കുകയാണല്ലോ. രാവിലെ വരെ എങ്ങനെയൊക്കെയോ കഴിച്ചു കൂടി രാവിലെ മംഗലാപുരത്തു ചെന്ന് ഡോക്ടറെ കണ്ടു. രാത്രി കാലങ്ങളിൽ ഒരു സ്കാൻ ചെയ്യാൻ വേണ്ടി നഗരങ്ങൾ കറങ്ങി ആശുപത്രികൾ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ അത്ര എളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കിതരാൻ പറ്റിയ ഗതികേടല്ല. വർഷങ്ങൾക്ക് മുൻപാണ് കാസർകോടിനു മെഡിക്കൽ കോളേജ് അനുവദിച്ച വാർത്ത കണ്ട് ആഹ്ളാദിച്ചത്. ഇനിയുമെത്ര കാലം എത്ര ദുരിതങ്ങൾക്ക് കാത്തിരിക്കണം അവയൊന്നു പ്രാവർത്തികമായി കാണാൻ. 

 

 

0Shares