
ഭാര്യയുമായി കലഹിച്ചതിനെ തുടര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന വീടിന് തീയിട്ട് ഭര്‍ത്താവ് മുങ്ങി. പുതുവൈപ്പ് പി.ജെ. പ്രിന്‍സസ് ഹോട്ടലിന് സമീപം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തില്‍ ജയപ്രകാശാണ് വീടിനു തീവച്ചത്. ഒളിവില്‍ പോയ ജയപ്രകാശിനെ പിന്നീട് ഞാറയ്ക്കല്‍ പോലീസ് പിടികൂടി.

മേനാച്ചേരി ശാലിനി ഡോമനിക്കിന്‍റെ വീടാണ് ഇവര്‍ വാടകയ്ക്ക് എടുത്തിരുന്നത്. ഇത് ഈ 31ന് ഒഴിയേണ്ടതാണ്. മൂന്നരലക്ഷം രൂപ നല്‍കി ഒരു വര്‍ഷത്തേക്കാണ് പണയത്തിനെടുത്തിരുന്നത്. ആ തുക കഴിഞ്ഞദിവസം ജയപ്രകാശിന്‍റെ ഭാര്യ സ്മിത ശാലിനിയില്‍ നിന്നു കൈപ്പറ്റിയിരുന്നു. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ടു ജയപ്രകാശ് ഭാര്യയുമായി കലഹിച്ചു.
തുടര്‍ന്ന് സ്മിത ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നു പറഞ്ഞപ്പോള്‍ സ്മിതയോട് അയല്‍പക്കത്ത് താമസിക്കാന്‍ പോലീസ് നിര്‍ദേശിച്ചു. ഇതിനിടയിലാണ് ഇയാള്‍ വീടിന് തീ കൊളുത്തിയത്.
