ഭരണഘടന കീറിക്കളയാന്‍ ആഹ്വാനം ചെയ്തവര്‍ രാജ്യം ഭരിക്കുമ്പോള്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല: ശശി തരൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഭരണഘടന കീറിക്കളയാന്‍ ആഹ്വാനം ചെയ്തവര്‍ രാജ്യം ഭരിക്കുമ്പോള്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല: ശശി തരൂര്‍

കോഴിക്കോട്: ഭരണഘടന കീറിക്കളയാന്‍ ആഹ്വാനം ചെയ്തവരും, സംസാരം കേള്‍ക്കാനും, സത്യം കേള്‍ക്കാനും ഇഷ്ടമില്ലാത്തവരും രാജ്യം ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഭരണഘടനയെ മാറ്റി ഹിന്ദുരാജ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് സമ്മതിക്കാതിരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണെന്നും ശശി തരൂര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ജനാധിപത്യം ഇല്ലാതാവുമ്പോഴാണ് അതിന്‍റെ വിലമനസിലാവുക. അങ്ങനെ തോന്നിത്തുടങ്ങിയത് കൊണ്ടാണ് ജനങ്ങള്‍ ഇന്ന് തെരുവിലേക്കിറങ്ങിയതെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. സവര്‍ക്കറായിരുന്നു ജനാധിപത്യത്തെ ആദ്യം എതിര്‍ത്തത്. അവരുടെ പാത തന്നെയാണ് മോദി സര്‍ക്കാരും പിന്തുടരുന്നത്.

ഭരണഘടന കീറിക്കളയണമെന്ന് പറഞ്ഞവരാണ് ഹിന്ദുത്വ നേതാക്കള്‍. അവരുടെ കാഴ്ചപ്പാടില്‍ ഇന്ത്യയെന്നത് മതേതര രാഷ്ട്രമല്ല, മറിച്ച് ഹിന്ദു രാഷ്ടമെന്നാണ്. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തരൂരിന്‍റെ പ്രസംഗം വരെ സമാധാന പരമായി നീങ്ങിയ പ്രതിഷേധ പരിപാടി ഉദ്ഘാടനത്തിന് ശേഷം സംഘര്‍ഷത്തിലേക്കെത്തി. പ്രതിഷേധക്കാര്‍ ഹെഡ്പോസ്റ്റോഫീസിലേക്ക് തള്ളിക്കയറുകയും കല്ലേറ് നടത്തുകയും ചെയ്തു. അപ്രതീക്ഷിതമായി നടന്ന പ്രതിഷേധ പരിപാടിയില്‍ പോലീസും സമ്മര്‍ദത്തിലായതോടെ കാര്യങ്ങള്‍ ലാത്തിച്ചാര്‍ജിലേക്കുമെത്തി.

0Shares