മഞ്ചേശ്വരം: മദ്യ കടത്ത് ബീവറേജ് കോര്‍പറേഷൻ്റെ വാഹനത്തിലും. മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് മദ്യം കടത്തുകയായിരുന്ന 21 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശി ഹരി (48)യെയാണ് മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ വാഹനങ്ങളില്‍ റെയ്ഡ് നടത്തിയത്. ഡ്രൈവറുടെ കാബിനില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
ഗോവയിലെ ഡിസ്റ്റലറിയില്‍ നിന്ന് ബിവറേജ് കോര്‍പറേഷനുവേണ്ടി പോയതായിരുന്നു. തിരിച്ചുവരുന്നതിനിടേയാണ് 21 ലിറ്റര്‍ ഗോവന്‍ മദ്യം കടത്തിയത്. തിരിച്ചുവരുന്നതിനിടേയാണ് 21 ലിറ്റര്‍ ഗോവന്‍ മദ്യം കടത്തിയത്. അബ്്കാരി നിയമപ്രകാരം അനധികൃത മദ്യം പിടിച്ചെടുത്തതിനാല്‍ ലോറിയിലെ നികുതിയടച്ച 1440 കേയ്‌സ് മദ്യവും പിടികൂടിയിട്ടുണ്ട്. ബീവറേജ് കോര്‍പറേഷനിലേക്ക് കൊണ്ടുപോകുന്ന മദ്യത്തിന്റെ മറവില്‍ അനധികൃത ഗോവന്‍ മദ്യം കടത്തുകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
200 രൂപയുള്ള ഗോവന്‍ മദ്യം കേരളത്തില്‍ വില്‍ക്കുന്നത് 1,000 രൂപയ്ക്കാണെന്ന് എക്സൈസ് സംഘം പറഞ്ഞു. ഹരി മൂന്ന് ലോറികളുടെ ഉടമയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത്തിന്റെ നേതൃത്വത്തിലാണ് മദ്യവേട്ട നടന്നത്.
പ്രിവന്റീവ് ഓഫീസര്‍മാരായ എം. രാജീവന്‍, ദിവാകരന്‍ സിവില്‍ എക്സൈസുമാരായ പ്രജിത്ത്, രവീന്ദ്രന്‍ എന്നിവരും റെയ്ഡിനുണ്ടായിരുന്നു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്റിനയച്ചു. ലോറിയിലെ മദ്യം സീല്‍ചെയ്ത് കോടതിയില്‍ സമര്‍പിച്ചു.

ബീവറേജ് കോര്‍പറേഷൻ്റെ വാഹനത്തില്‍ അനധികൃത മദ്യ കടത്ത്; മഞ്ചേശ്വരം എക്‌സൈസ് ഗോവന്‍ നിര്‍മിത 21 ലിറ്റര്‍ വിദേശമദ്യം പിടികൂടി