
ദില്ലി: മോദിസര്‍ക്കാരിൻ്റെ കാലത്ത് തൊഴിലില്ലായ്മ നൂറു ശതമാനം വര്‍ധിച്ചതായി ലോക്‌സഭയില്‍ തൊഴില്‍മന്ത്രിയുടെ മറുപടി. 2013-14ല്‍ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2017-18 വര്‍ഷത്തില്‍ ആറു ശതമാനം രേഖപ്പെടുത്തിയെന്ന് തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാര്‍ കൊടിക്കുന്നില്‍ സുരേഷിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
2015-16-ല്‍ 3.7 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ. തൊഴില്‍ബ്യൂറോയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസും നടത്തിയ സര്‍വേയിലാണ് ഈ വിലയിരുത്തലെന്നാണ് മന്ത്രിയുടെ മറുപടി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ദീന്‍ദയാല്‍ ഗ്രാമീണ്‍ കൗശല്‍ യോജന, ദീന്‍ദയാല്‍ അന്ത്യോദയാ യോജന എന്നിവ വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി വിശദീകരിച്ചു. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിലും വന്‍കിട വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതായി കേന്ദ്രസര്‍ക്കാരിൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2013 -14 വര്‍ഷത്തില്‍ 13.51 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നത് 2017-18 വര്‍ഷത്തില്‍ 10.88 ലക്ഷമായി കുറഞ്ഞു.

കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ 2013-14 വര്‍ഷം 32843 തൊഴിലുകളുള്ളത് 2017-18 വര്‍ഷത്തില്‍ 27906 ആയി കുറഞ്ഞു. കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ കണക്കെടുത്താല്‍ 2013-14ല്‍ 13.51 ലക്ഷം തൊഴിലുകളുണ്ടായിരുന്നത് 2017-18-ല്‍ പത്തുലക്ഷമായി കുറഞ്ഞു. മൂന്നരലക്ഷത്തോളം തൊഴിലവസരമുണ്ടായിരുന്ന കല്‍ക്കരി മേഖലയില്‍ 2.9 ലക്ഷമായി കുറഞ്ഞു. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാണമേഖലയിലാണ് വന്‍തോതില്‍ ഇടിവ്. 2013-14-ല്‍ 60409 തൊഴിലവസരങ്ങളുള്ളത് 2017-18 വെറും 7722 തൊഴിലുകളായി കുറഞ്ഞു.
ടെലി കമ്യൂണിക്കേഷന്‍-ഐ.ടി. മേഖലയില്‍ തൊഴിലവസരം 2.75 ലക്ഷമായിരുന്നത് 2.10 ലക്ഷമായും കുറഞ്ഞു. ഹോട്ടല്‍-വിനോദ സഞ്ചാരമേഖലയിലെ 4868 തൊഴിലവസരങ്ങള്‍ 3297 ആയും കുറഞ്ഞു. ഊര്‍ജോത്പാദനം, വസ്ത്രമേഖല, പെട്രോളിയം, രാസവളം, ക്രൂഡ് ഓയില്‍, മരുന്നുനിര്‍മാണം തുടങ്ങിയ പൊതുവ്യവസായ മേഖലകളിലൊക്കെ തൊഴിലവസരങ്ങളുടെ കുറവു രേഖപ്പെടുത്തി. അതേസമയം, കാര്‍ഷികാനുബന്ധ വ്യവസായങ്ങളില്‍ നേരിയ വര്‍ധനയാണുള്ളത്. 2013-14ലെ 2290 തൊഴിലവസരങ്ങള്‍ 2017-18-ല്‍ 3131 ആയി കൂടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
