
സി.പി.എമ്മിന്‍റെ പൊളിറ്റ്ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബി.ജെ.പി.ക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തി ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പരാതി. ബംഗാളിൽ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതൽ സീറ്റ് ബി.ജെ.പി നേടുമെന്ന് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. വിഷയം അടിയന്തരമായി അവയ്‌ലബിൾ പി.ബി ചർച്ചചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങൾക്കുമുമ്പാകെ വിശദീകരണം നൽകണമെന്നും സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടതായാണ് സൂചന.

ഹിന്ദിസംസ്ഥാനങ്ങളിൽ സീറ്റുകുറയാൻ സാധ്യതയുള്ളതിനാൽ അതുമറികടക്കാൻ മറ്റുസംസ്ഥാനങ്ങളിൽനിന്ന് എണ്ണംതികയ്ക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. “ഉത്തർപ്രദേശിൽ നിന്നുമാറി ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സീറ്റുനേടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. ഒഡിഷയിൽ പരമാവധി അഞ്ചുസീറ്റ് ബി.ജെ.പി.ക്ക് ലഭിക്കും. ബംഗാളിലും അവർ നേട്ടമുണ്ടാക്കാനാണ് സാധ്യത. ഇപ്പോഴുള്ളതിനെക്കാൾ സീറ്റ് കൂടുതൽ ലഭിക്കും. എന്നാൽ, അതവർക്കത്ര എളുപ്പമാവില്ല. അമിത് ഷാ പറഞ്ഞത് 23 സീറ്റുകളിൽ വിജയിക്കുമെന്നാണ്. അത്രയൊന്നും ബി.ജെ.പി.ക്ക് ലഭിക്കാനിടയില്ല” – ഇതായിരുന്നു കാരാട്ടിന്‍റെ പരാമർശം.
പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരേ ഇടതുപക്ഷം ശക്തമായി രംഗത്തുള്ള പശ്ചാത്തലത്തിൽ മുൻജനറൽ സെക്രട്ടറി ബി.ജെ.പിക്ക് ഗുണകരമാവുന്ന വിധത്തിൽ പ്രസ്താവന നടത്തിയെന്നാണ് ബംഗാൾ ഘടകത്തിന്‍റെ വിമർശനം. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടില്ലെന്നിരിക്കെ ഇങ്ങനെയൊരു പ്രസ്താവന പാർട്ടിക്ക് ദോഷംചെയ്യുമെന്നും ബംഗാൾ ഘടകം ചൂണ്ടിക്കാണിക്കുന്നു.
