
ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ കോഴ നല്‍കിയെന്ന ആരോപണവുമായി ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബി.ജെ.പി നേതാക്കള്‍ക്ക് 2000കോടി രൂപ നല്‍കിയെന്നാരോപിച്ച് യദുരപ്പയുടെ ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേരേത്തെ പുറത്ത് വിടുകയും ചെയ്തു. എന്നാൽ ഈ ആരോപണം നിഷേധിച്ച ബി.ജെ.പി യഥാർത്ഥ ഡയറി പുറത്തുവിടാന്‍ കോൺഗ്രസിനെ വെല്ലുവിളിക്കുകയായിരുന്നു. കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയുടെ പകര്‍പ്പുകള്‍ വ്യാജമാണെന്നാണ് അന്ന് ബി.ജെ.പിയും യെദ്യൂരപ്പയും പറഞ്ഞത്.

ഈ സംഭവത്തിന് പിന്നാലെ കോൺഗ്രസ് പുതിയ തെളിവുമായി രംഗത്ത് വന്നു. ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്ത കോൺഗ്രസ് യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി തന്നെ പുറത്തുവിട്ടു. ബി.ജെ.പി നേതാക്കളായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി 150 കോടി, രാജ്‌നാഥ് സിങ് 100 കോടി എന്നിങ്ങനെയാണ് ഡയറിയിലെ കോഴക്കണക്ക്. ബിജെപി കേന്ദ്രകമ്മിറ്റി 1000 കോടി, ജഡ്ജിമാര്‍ 500 കോടി എന്നും രേഖയില്‍ പറയുന്നു. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ രൂപ നല്‍കിയതായി തെളിവുകൾ ഡയറിയിൽ ഉണ്ടെന്നാണ് വിവരം. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാൽ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡയറിയിലൂടെ പുറത്തുവന്ന വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് രംഗത്തെത്തിയത്. ഇതോടെ ബി.ജെ.പി കൂടുതൽ പ്രതിരോധത്തിലായി.
