കുമ്പള: ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരേ അക്രമം. നാലുപേര്‍ക്ക് പരിക്ക്. ബാഡൂരിലെ ശ്രീകൃഷ്ണ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിച്ച ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരേയാണ് ടൗണില്‍ വച്ച് അക്രമമുണ്ടായത്. കല്ല്, വാരികഷണം, ഇരമ്പു ദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായി തമ്പടിച്ചെത്തിയ അക്രമികള്‍ ഘോഷയാത്രയ്ക്ക് നേരേയും വാഹനങ്ങള്‍ക്ക് നേരേയും അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. തലക്ക് സാരമായി പരിക്കേറ്റ ഹേമചന്ദ്ര മുണ്ട്യത്തടക്ക (25), വൈ.യോഗീഷ്(25), അജിത്ത് മുഗു(24), സന്തോഷ് മുണ്ട്യത്തടക്ക (23) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ കഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നവരെ പോലീസ് തടയാന്‍ ശ്രമിച്ചത് വാക്കേറ്റത്തിന് കാരണമായി.
ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരേയുണ്ടായ അക്രമത്തില്‍ ഹിന്ദു സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍.എസ്.എസ് ബിജെ.പി ആരോപിച്ചു. കാസര്‍കോട് ഗവ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, അരുണ്‍കുമാര്‍, കമലാക്ഷ എന്നിവര്‍ സന്ദര്‍ശിച്ചു.