ബസുടമകളുടെ അവസ്ഥ പ്രളയബാധിതരേക്കാള്‍ പരിതാപകരം: എം.ബി സത്യന്‍

  • Post category:local news
  • Reading time:1 min read
You are currently viewing ബസുടമകളുടെ അവസ്ഥ പ്രളയബാധിതരേക്കാള്‍ പരിതാപകരം: എം.ബി സത്യന്‍

കാസര്‍കോട്: പെട്രോളിയം ഉല്പന്നങ്ങളുടെ പ്രത്യേകിച്ചും ഡീസലിന്റെ പ്രതിദിനമുള്ള വിലവര്‍ദ്ധനവും ഗുണമേന്മയില്ലായ്മയും റോഡുകളുടെ ശോച്യാവസ്ഥയും കാരണം കേരളത്തിലെ ബസുടമകള്‍ ദുരിതക്കയത്തിലാണെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം.ബി.സത്യന്‍ പറഞ്ഞു. ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംപ്രയാസം അനുഭവിക്കുമ്പോഴും സഹജീവികളുടെ കണ്ണീരൊപ്പാന്‍ ഒരുദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ മനസുകാണിച്ച ജില്ലയിലെ ബസുടമകളും ജീവനക്കാരും എല്ലാ അര്‍ത്ഥത്തിലും ആദരവ് അര്‍ഹിക്കുന്നു. അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.ഗിരീഷ് അദ്ധ്യക്ഷനായി. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനായി ആഗസ്ത് 30ന് കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ നടത്തിയ യാത്രയിലൂടെ നേടിയ 22,72,640 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനായി ജില്ലാ ഭാരവാഹികളില്‍ നിന്നും എം.ബി.സത്യന്‍ ഏറ്റുവാങ്ങി. ഏറ്റവും അധികം തുക സമാഹരിച്ച ബസ് ഗ്രൂപ്പ് ഉടമകളായ വസന്തപൈ, വിട്ടല്‍ ഷെട്ടി, എം.ഹസൈനാര്‍, എ.വി.പ്രദീപ്കുമാര്‍, സി.എ.മുഹമ്മദ്കുഞ്ഞി എന്നിവരെയും ജീവനക്കാരെയും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു ആദരിച്ചു. ഡീസല്‍വില വര്‍ദ്ധനക്കെതിരെ സംസ്ഥാന ഫെഡറേഷന്റെ തീരുമാനപ്രകാരം പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ.മുഹമ്മദ് കുഞ്ഞി, സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായ വി.എം.ശ്രീപതി, എം.ഹസൈനാര്‍, പി.എ.മുഹമ്മദ്കുഞ്ഞി, ടി.ലക്ഷ്മണന്‍, ജില്ലാ ഭാരവാഹികളായ തിമ്മപ്പ ഭട്ട്, ശങ്കര നായക്, താലൂക്ക് പ്രസിഡണ്ടുമാരായ സി.രവി, എന്‍.എം.ഹസൈനാര്‍, സുബ്ബണ്ണ ആള്‍വ പ്രസംഗിച്ചു.

0Shares