
ബദിയടുക്ക(കാസർകോട്): എൻഡോസൾഫാൻ ദുരിത മേഖലയായ ബദിയഡുക്കയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻഡറിൽ സൗകര്യം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ദിനം പ്രതി നിരവധി രോഗികൾ ബദിയടുക്കയിലെ സി.എച്ച്.സിയിൽ ചികിത്സക്കായി എത്തുന്നുണ്ട്. എന്നാൽ ഇവിടെ ആവശ്യത്തിന് ഡോക്ടർമാരോ ആധുനിക സൗകര്യങ്ങളോ ഇല്ല. ബദിയടുക്ക പഞ്ചായത്തിന് പുറമെ കുമ്പഡാജെ, കാറഡുക്ക, പുത്തിഗെ, എൻമകജെ, ചെങ്കള എന്നീ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. അതിനാൽ തന്നെ പലപ്പോഴും പല പരിശോധനയ്ക്കും പുറത്തുള്ള സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കിടത്തി ചികിത്സ അടക്കമുള്ള സൗകര്യങ്ങൾ ഒരുകാത്തതിനാൽ രോഗികൾ പ്രയാസപ്പെടുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം. വിശാലമായ കെട്ടിട സൗകര്യം ആവശ്യത്തിലധികമുള്ള ബദിയടുക്ക സി.എച്ച്.സിയെ അധികൃതർ ഗൗനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

ആശിപത്രിയിൽ മികച്ച സേവനങ്ങൾ ലഭ്യമാകണമെന്നാവശ്യവുമായി എച്ച്.ആർ.പി.എം (HUMAN RIGHTS PROTECTION MISSION) ഇപ്പോൾ ഇടപെടൽ നടത്തുകയാണ്. ഗൈനക്കോളജിസ്റ്റിനെ ഉടൻ നിയമിക്കുക. കിടത്തി ചികിത്സ ആരംഭിക്കുക. ലാബ് ശക്തിപ്പെടുത്തുക. കുറവുള്ള സ്റ്റാഫിനെ നിയോഗിക്കുക. ഫാർമസിസ്റ്റിനെ നിയമിക്കുക. ഡെന്റൽ ക്ലിനിക്കിന് സൗകര്യങ്ങൾ ഒരുക്കുക. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക. നിലവാരമുള്ള പെയിൻറടിച്ച് നവീകരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കപ്പെടണമെന്നാണ് ആവശ്യം.
ദിവസവും 300 ൽ അതികം രോഗികൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുകാത്തതിൽ ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് മനുഷ്യാവകാശ സംഘടനാ നേതാക്കൾ അറിയിച്ചു. എച്ച്.ആർ.പി.എം യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ നാസർ ചെർക്കളം, കാസർകോട് താലൂക് സെക്രട്ടറി അഷ്‌റഫ് മുന്നിയൂർ, യൂത്ത് വിംഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് ഹമീദലി മാവിനകട്ട എന്നിവർ ബദിയഡുക്ക കമ്മ്യൂണിറ്റി ഹെൽത്ത് സെൻഡറിൽ സന്ദർശനം നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.
