തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. 
ഒരു വര്‍ഷത്തേക്ക് നടത്താനിരുന്ന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. എന്നാല്‍ സ്കൂള്‍ കലോത്സവത്തിനും സ്കൂള്‍ കായികമേളയ്ക്കും മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ അറിയിച്ചു. സ്കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്ളതാണ്. കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ മത്സരിയ്ക്കെണ്ടതുള്ളതിനാല്‍ ഒഴിവാക്കാനാകില്ലന്നും കെ.വി മോഹൻ കുമാർ പറഞ്ഞു.