
പോലീസ് കമ്മീഷണറേറ്റ് ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. തീരുമാനം മന്ത്രിസഭ അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായില്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണ്. പൊലീസിന് ഏതൊക്കെ അധികാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വി.ടി ബല്‍റാം എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പോലീസ് കമ്മീഷണറേറ്റ് രൂപീകരിക്കുകയെന്ന തീരുമാനമെടുത്തത് യു.ഡി.എഫ് കാലത്താണ്. അതിന്‍റെ ഭാഗമായ തുടര്‍നടപടികള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു. പോലീസിന് ജില്ലാ ജഡ്ജിയുടെ (മജിസ്റ്റീരിയല്‍) അധികാരം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാറിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ സി.പി.ഐ.എമ്മുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് സി.പി.ഐ വ്യക്തമാക്കിയിരുന്നു. കമ്മീഷണറേറ്റ് രൂപീകരിക്കുന്നതിലെ എതിര്‍പ്പ് പ്രകടമാക്കി റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തിരുന്നു.

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൂടി നല്‍കുന്നത് അധികാര ദുര്‍വിനിയോഗത്തിന് വഴിവെക്കുമെന്നാണ് ഇതിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ‘പോലീസിനുമേല്‍ എക്‌സിക്യൂറ്റീവ് മജിസ്ട്രേറ്റുമാര്‍ക്കുള്ള നിയന്ത്രണാധികാരം വളരെ പരിമിതമാണ്; പക്ഷെ അത് പൗരാവകാശങ്ങള്‍ക്കു വിലകൊടുക്കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന ചെക്ക് ആന്‍ഡ് ബാലന്‍സിന്‍റെ ഭാഗമാണ്. അതുവേണ്ടെന്നുവയ്ക്കാനും ഈ പോലീസിനെ നിയന്ത്രിക്കാന്‍ അവര്‍ മാത്രം മതി എന്നും സര്‍ക്കാര്‍ കരുതുന്നുണ്ട് എങ്കില്‍ അത് ജനങ്ങളോടും പൗരാവകാശങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ പറ്റൂ.’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ് ചൂണ്ടിക്കാട്ടിയത്.
നീതിന്യായപരമായ വിവേചനം ആവശ്യപ്പെടുന്ന ജോലികള്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റില്‍ തന്നെ തുടരണമെന്ന് അഡ്വ. കാളീശ്വരം രാജ് പ്രതികരിച്ചിരുന്നു. ‘ക്രിമിനല്‍ നടപടി നിയമസംഹിതയിലെ ചില വകുപ്പുകള്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാര്‍ക്ക് സവിശേഷ അധികാരം നല്‍കുന്നു. ഇത് ഭാഗികമായ നീതിന്യായ സ്വഭാവമുള്ളതാണ്. അത് പ്രയോഗിക്കാന്‍ ഈ രീതിയിലുള്ള ഉദ്യോഗസ്ഥര്‍ക്കേ പറ്റൂ. പോലീസ് ഉദ്യോഗസ്ഥരില്‍ എത്തുമ്പോള്‍ ഇത് അധികാര ദുര്‍വിനിയോഗത്തിനും തോന്നിയ രീതിയിലുള്ള പ്രയോഗത്തിനും കാരണമായേക്കും’ എന്നാണ് കാളീശ്വരം രാജ് ചൂണ്ടിക്കാട്ടിയത്.
