
ഗുണ: പെണ്‍കുട്ടികളെന്തിനാണ് ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നത്? അവരത് അവസാനിപ്പിച്ചാല്‍ അവര്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിക്കും, പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി മധ്യപ്രദേശിലെ ഗുണയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ. പെണ്‍സുഹൃത്തുക്കളെ ഉണ്ടാക്കുന്ന പാശ്ചാത്യന്‍ സംസ്‌കാരം സ്വീകരിക്കരുതെന്ന് ആണ്‍കുട്ടികളെയും അദ്ദേഹം ‘ഉപദേശിച്ചു’. ‘രാജ്യാന്തര വനിതാ ദിനം ആചരിക്കുന്നതു വിദേശത്തെ പാരമ്പര്യമാണ്. ഇന്ത്യന്‍ തത്വശാസ്ത്രം അനുസരിച്ചു സ്ത്രീകളെ ഉയര്‍ന്ന നിലയിലാണു നാം കണക്കാക്കുന്നത്. വര്‍ഷത്തില്‍ നാലുതവണയെങ്കിലും നമ്മള്‍ വനിതാദിനം ആഘോഷിക്കുന്നു. അവരെ നാലു തവണ നമ്മള്‍ ആരാധിക്കുന്നു’ – എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ഗുണ സര്‍ക്കാര്‍ കോളജില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശാക്യ

വിവാദ പ്രസ്താവന നടത്തി നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണു ശാക്യ. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഇറ്റലിയില്‍ വച്ച് അനുഷ്‌ക ശര്‍മയെ വിവാഹം ചെയ്തതില്‍ കോഹ്ലിയുടെ രാജ്യസ്നേഹം ചോദ്യം ചെയ്തും ശാക്യ രംഗത്തെത്തിയിരുന്നു.
