പൂക്കള്‍ വിടര്‍ന്നപോലെയൊരു നാടക ക്യാമ്പ്; സണ്‍ഡേ തിയറ്ററില്‍ കുട്ടികള്‍ക്ക് പൂക്കാലം

  • Post category:news
  • Reading time:2 mins read
You are currently viewing പൂക്കള്‍ വിടര്‍ന്നപോലെയൊരു നാടക ക്യാമ്പ്; സണ്‍ഡേ തിയറ്ററില്‍ കുട്ടികള്‍ക്ക് പൂക്കാലം

പീതാംബരന്‍ കുറ്റിക്കോല്‍

കുറ്റിക്കോല്‍: നീലക്കുറുഞ്ഞികള്‍ പൂത്തപോലെ… നാടകവീടും കളിമുറ്റവും വര്‍ണാഭമായി.. കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ മഴപോലെ… പരിശീലന കളരിയിലെത്തിയ കുട്ടികളുടെ മനസില്‍ മതിമറന്ന ആഹ്ലാദം… കനല്‍വഴികളും മുള്ളുകളും പ്രതിസന്ധികളും പൂക്കളമാക്കിമാറ്റാന്‍ കലയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കളി-ചിരിയും പാട്ടുകളുമായി ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും എത്തിയ വിവിധ പ്രായത്തിലുള്ള 80 ഓളം കുട്ടികള്‍ക്ക് ഈ അവധിക്കാല നാടകക്യാമ്പും പുത്തന്‍ അനുഭവം ഒരുക്കുന്നു. നാടകം മാത്രമല്ല കുട്ടികള്‍ പഠിക്കുന്നത്. ഒരു സര്‍വവിജ്ഞാന കലവറ തേടിയുള്ള യാത്ര തന്നെയാണ്. ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള സണ്‍ഡേ തിയറ്ററില്‍ ത്രിദിന- അവധിക്കാല നാടകകളരിയില്‍ അഭിനയം, സംവിധാനം, അവതരണം, രചന, ദീപവിതാനം, വസ്ത്രചാരുത, രംഗസജീകരണം, വ്യക്തിത്വവികാസം തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വായത്തമാക്കുന്നത്. കുട്ടികളുടെ നാടകവേദിയുടെ മാന്ത്രികന്‍ ഗോപി കുറ്റിക്കോല്‍ ക്യാമ്പ് ഡയറക്ടറായി മലയോരഗ്രാമത്തില്‍ ആധുനിക നാടകസംസ്‌കാരത്തിന് പുതിയ മാനം തീര്‍ക്കുകയാണ്.ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി രാജഗോപാലന്‍, മണിപ്രസാദ്, ദിലീപ് ചിലങ്ക, ജയമോഹന്‍, തുടങ്ങിയവര്‍ ക്ലാസെടുത്തു. ഉദയന്‍ കാടകത്തിൻ്റെ ‘മരദൈവം’, കിരണ്‍ ഇരിയണ്ണിയും സംഘവും അവതരിച്ച നാടന്‍ പാട്ടുകള്‍ ക്യാമ്പിനെ സജീവമാക്കി. ഹരിദാസ് കുണ്ടംകുഴി, ജയമോഹന്‍, അനീഷ് കുറ്റിക്കോല്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ‘ചൂട് നാടകം’ വിപിന്‍രാജ് മടിക്കൈയുടെ ‘ഞാന്‍ ആരാണ്’ നാടകവും അവതരിപ്പിക്കും. സുനില്‍ യാദവ്, സുരേഷ് ബാബു, വേണു മാങ്ങാട്, സതീഷ്ബാബു, അരവിന്ദന്‍, പ്രകാശന്‍, അനില്‍ രാമന്‍, മണി, സുമ തുടങ്ങിയവര്‍ സാങ്കേതിക സഹായം നല്‍കുന്നു. ഞായറാഴ്ച ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.ഭൂപടമില്ലാത്ത ഭൂമിക്ക് മുകളിലൂടെ അതിരുകളെ കുറിച്ച് ആശങ്കയില്ലാതെ പറന്നു പോകുന്ന കുട്ടികളുടെ സര്‍ഗവാസനകള്‍ തൊട്ടുണര്‍ത്തുന്നതിന് ഇത്തരം ഒത്തുചേരലുകള്‍കൊണ്ട് സാധ്യമാകുന്നുവെങ്കില്‍ നാമെന്തിനാണ് ഇളം മനസുകളെ കളിയരങ്ങിൻ്റെ ഇളവെയിലിന്‍ തുമ്പത്ത് സമാധാനത്തോടെ ഒന്നിരിക്കാന്‍ പോലും സമ്മതിക്കാതിരിക്കുന്നത്? അന്ധകാരത്തിൻ്റെ കറുപ്പുതുണിയാല്‍ കണ്ണ് മൂടിക്കെട്ടിയവര്‍ മനസില്‍ സര്‍വ്വനാശത്തിൻ്റെ പന്തം കൊളുത്തി ലോകം കത്തിച്ച് ചാമ്പലാക്കുന്ന ഇക്കാലത്ത് നന്മ വെന്തുമരികാതിരിക്കാന്‍ ഇത്തരം നാടകകളരികളെ നമുക്ക് തോറ്റം പാടിയുണര്‍ത്താം… മതിവരുവോളം… മനസ്സില്‍ പൂമ്പാറ്റകളുള്ളവരുടെ കൂടെ മാത്രമേ പൂക്കള്‍ വരികയുള്ളൂ..

 

0Shares