പുതിയ വഴികള്‍ തുറന്ന് തൊഴിലുറപ്പ് പദ്ധതി; ആസ്തി രൂപീകരണത്തില്‍ കാസർകോട് ജില്ലയ്ക്ക് മികച്ച മുന്നേറ്റം; ചെലവഴിച്ചത് 7611 ലക്ഷം രൂപ

  • Post category:news
  • Reading time:2 mins read
You are currently viewing പുതിയ വഴികള്‍ തുറന്ന് തൊഴിലുറപ്പ് പദ്ധതി; ആസ്തി രൂപീകരണത്തില്‍ കാസർകോട് ജില്ലയ്ക്ക് മികച്ച മുന്നേറ്റം; ചെലവഴിച്ചത് 7611 ലക്ഷം രൂപ

കാസര്‍കോട്: പാതയോരങ്ങളും നീര്‍ച്ചാലുകളും വൃത്തിയാക്കുകയും കാട് വെട്ടിത്തെളിക്കാനും മാത്രമാണെന്ന പൊതുസമൂഹത്തിന്‍റെ മുന്‍ധാരണകളെ പൊളിച്ചെഴുതി പുതിയ മേഖലകളിലേക്കിറങ്ങിയിരിക്കുകയാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആസ്തി രൂപീകരണത്തിന് മുന്‍തൂക്കം നല്‍കിയുള്ള വികകസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഇപ്രാവശ്യം പ്രഥമ പരിഗണന നല്‍കിയത്.

ഇതിനെ തുടര്‍ന്ന് ആസ്തി രൂപീകരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതിയാണ് ജില്ല കൈവരിച്ചിട്ടുള്ളത്. വസ്തു സാമഗ്രികളുടെ ചെലവ് ഇനത്തില്‍ മുന്‍വര്‍ഷങ്ങളില്‍ 0.76 ശതമാനം, 0.97 ശതമാനം, 2.97, 4.8 എന്നിങ്ങനെയായിരുന്നു ചെലവഴിച്ചതെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെ മാത്രം 11.84 ശതമാനം തുക ചെലവഴിക്കാന്‍ സാധിച്ചുവെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ദാരിദ്ര്യ ലഘൂകരണ വിഭാഗമാണ് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നിര്‍വഹിക്കുന്നത്. കുളങ്ങള്‍, റോഡുകള്‍, കളിസ്ഥലങ്ങള്‍, കിണര്‍ റീചാര്‍ജ് എന്നിങ്ങനെയുള്ള പ്രവര്‍ത്തികളോടൊപ്പം വ്യക്തിഗത ഭവനം, ശൗചാലയം, കമ്പോസ്റ്റിങ് സംവിധാനം, തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റെടുക്കുന്നുണ്ട്.

നാല് വിഭാഗങ്ങളിലായാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പ്രകൃതി വിഭവ പരിപാലനത്തില്‍ മണ്ണ്, ജല, നീര്‍ത്തട സംരക്ഷണം തുടങ്ങിയവയും വ്യക്തിഗത ആസ്തി നിര്‍മ്മാണത്തില്‍ വീട്, അടിസ്ഥാന സൗകര്യ വികസനം, പശുത്തൊഴുത്ത്, കോഴിക്കൂട് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. സ്വയം സഹായ സംഘങ്ങള്‍ക്ക് ഭൗതിക സാഹചര്യം ഒരുക്കുന്ന പ്രവൃത്തികളും ഗ്രാമീണ അടിസ്ഥാന വികസന സൗകര്യ വികസന വിഭാഗത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കെട്ടിടം, ചുറ്റുമതില്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നത്.

ചെലവഴിച്ചത് 7611 ലക്ഷം രൂപ

ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ വരെ മാത്രം 7611.03 ലക്ഷം രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവഴിച്ചത്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിന് പുറമേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാധന സാമഗ്രികള്‍ക്കും കൂടിയാണ് തുക അനുവദിച്ചിട്ടുള്ളത്. വസ്തു സാമഗ്രികളുടെ ചെലവ് ഇനില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് വോര്‍ക്കാടി പഞ്ചായത്താണ്. പദ്ധതി ചെലവിന്‍റെ 57.21 ശതമാനം തുകയും വസ്തു സാമഗ്രികള്‍ക്ക് വേണ്ടിയാണ് ഇവിടെ ചെലവഴിച്ചത്. തുടര്‍ന്ന് ബദിയടുക്കയും (40.57 ശതമാനം), പൈവളിഗെ (33.42), എന്‍മകജെ (26.84), കാറഡുക്ക (25.11) എന്നീ പഞ്ചായത്തുകളുമാണ് ഉയര്‍ന്ന തുക ചെലവഴിച്ചിട്ടുള്ളത്.

10 അങ്കണവാടി കെട്ടിടങ്ങള്‍

ജില്ലയില്‍ പത്ത് അങ്കണവാടി കെട്ടിടങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിക്കുന്നത്. പൈവളികെ, കോടോം-ബേളൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഒരു അങ്കണവാടി വീതം ഇതിനകം നിര്‍മിച്ചു കഴിഞ്ഞു. ഏഴ് പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണ്. ഒരു പ്രവൃത്തിയുടെ റീ ടെണ്ടര്‍ നടപടിയായിട്ടുണ്ട്. കൂടാതെ നിരവധി കോണ്‍ക്രീറ്റ് അഴുക്ക് ചാല്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

നഴ്‌സറികളില്‍ 4.46 ലക്ഷം തൈകള്‍

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 19 ലക്ഷം തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ഇതിലേക്കാവശ്യമായ 4.46 ലക്ഷം തൈകള്‍ തൊഴിലുറപ്പ് നഴ്‌സറികളില്‍ നിന്നാണ് ഉത്പാദിപ്പിച്ചത്. ഇതിനകം 3.06 ലക്ഷം പദ്ധതിയിലൂടെ നട്ടുകഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ ജില്ലയെ മുളയുടെ തലസ്ഥാനമാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്‍റെയും തൊഴിലുറപ്പ് വിഭാഗത്തിന്‍റെയും സംയുക്ത പദ്ധതിയില്‍ മൂന്ന് ലക്ഷം മുളത്തൈകളാണ് കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ വച്ചുപിടിപ്പിച്ചത്. പദ്ധതിയിലേക്കാവശ്യമായ മുളത്തൈകള്‍ ഉത്പാദിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെയും കൂടി പ്രയോജനപ്പെടുത്തിയിരുന്നു.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും മുന്നോട്ട്

തൊഴിലുറപ്പ് പദ്ധതിയിലൂടെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും മികച്ച രീതിയിലാണ് നടത്തി വരുന്നത്. ഇതിന്‍റെ ഭാഗമായി തോട്, പുഴ എന്നിവയുടെ പാര്‍ശ്വഭാഗങ്ങള്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നു. പാഴ് വസ്തുക്കള്‍ നീക്കം ചെയ്ത് ജലസ്രോതസുകള്‍ വൃത്തിയാക്കി പാര്‍ശ്വപ്രതലങ്ങള്‍ ചരിച്ച് നിര്‍മ്മിക്കുകയും അവയില്‍ ഭൂവസ്ത്രം മുളയാണി കൊണ്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

നദി, തോട് എന്നിവയുടെ കരകളിലെ മണ്ണൊലിപ്പ് ഭൂവസ്ത്രം ഉപയോഗിച്ച് തടയാനും ഒഴുകി പോകുന്ന കരഭാഗം പുനസ്ഥാപിക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രളയ ജലത്തിന്‍റെ വേഗം ഗണ്യമായി കുറച്ചു ഇടിഞ്ഞു വീണ മണ്ണിനെ അവിടെ തന്നെ നിക്ഷേപിക്കാനും കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത കാല്‍മുട്ടുകള്‍ക്ക് പകരം ജലത്തെ ഭാഗികമായി കടത്തി വിടുന്ന ഭൂവസ്ത്രം സസ്യവരണം നിര്‍മ്മിച്ച് മണ്ണൊലിപ്പ് തടയുന്നതിനും ഈ പ്രവൃത്തി വഴി സാധ്യമായിട്ടുണ്ട്. മണ്ണിന്‍റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് ഒരു പരിധി വരെ തടയുന്നതിനും ഇതു വഴി മണ്ണിന്‍റെ ഫലപുഷ്ട്ടിയും വളക്കൂറും വര്‍ധിപ്പിക്കാനും സാധിക്കുന്നുണ്ട്.

0Shares