കാസര്‍കോട്: മുസ്ലീംലീഗ് നേതാവും എം.എല്‍.എയുമായ പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാസര്‍കോട് ജില്ലയുടെ വികസന പ്രര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് നല്ലൊരു സഹപ്രവര്‍ത്തകനെയും സുഹൃത്തിനെയുമാണ് നഷ്‌ടമാക്കിയതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മഞ്ചേശ്വരം എം എല്‍ എന്ന നിലയില്‍ ഏഴര വര്‍ഷത്തോളം മണ്ഡലത്തിന്റെ പൊതുവികസനം ലക്ഷ്യമാക്കി അദ്ദേഹം പ്രവര്‍ത്തിച്ചു. ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തെ കൂടി സഹായിക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഭാഷാ ന്യൂനപക്ഷ പ്രദേശത്തെ പ്രതിനിധീകരിച്ചിരുന്ന അദ്ദേഹം അവരുടെ കാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നു. ജനപ്രതിനിധികളെന്ന നിലയില്‍ ജില്ലയുടെ പൊതുവായ ആവശ്യങ്ങളോട് യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.ബിയുടെ നിര്യാണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി അനുശോചിച്ചു.നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദേഹമെന്നും അനുസ്മരണ സന്ദേശത്തില്‍ ആന്റണി പറഞ്ഞു.
സൗഹൃദയവും വിനയവും കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ അനുശോചിച്ചു. കഠിനാധ്വാനം കൊണ്ട് വളര്‍ന്ന വ്യവസായിയായി മാറിയ രാഷ്ട്രീയ നേതാവായിരുന്നു പി.ബിയെന്നും പൊതുരംഗത്ത് അദ്ദേഹത്തിന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തയായിരുന്നുവെന്നും ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു. മരണത്തോടെ സമസ്തയ്ക്ക് എല്ലാ മേഖലയിലും താങ്ങും തണലുമായി നിന്ന മരത്തെയാണ് നഷ്ടപെട്ടതെന്ന് സമസ്ത കേന്ദ്ര മുശവറ ജനറല്‍സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുശോചിച്ചു.
പി.ബി. അബ്ദുള്‍ റസാഖിൻ്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം