പിന്നോക്ക-ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമായി ഏകീകരിച്ചു; കേരളത്തിൽ യു.ഡി.എഫിന് 17 സീറ്റുകള്‍ വരെ ഉറപ്പിക്കാമെന്ന് മുസ്‌ലിംലീഗ്

  • Post category:news
  • Reading time:1 min read
You are currently viewing പിന്നോക്ക-ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമായി ഏകീകരിച്ചു; കേരളത്തിൽ യു.ഡി.എഫിന് 17 സീറ്റുകള്‍ വരെ ഉറപ്പിക്കാമെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്:നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പിന്നോക്ക-ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിനനുകൂലമായി ഏകീകരിച്ചെന്നും ഈ തരംഗത്തില്‍ യു.ഡി.എഫിന് 17 സീറ്റുകള്‍ വരെ ഉറപ്പിക്കാമെന്നും മുസ്‌ലിംലീഗ്. വയനാട്ടിലേക്ക് രാഹുല്‍ഗാന്ധിയുടെ വരവ് ദക്ഷിണേന്ത്യയില്‍ ശക്തമായ ചലനമുണ്ടാക്കിയതായും പിന്നോക്ക-ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിനനുകൂലമായി ഏകീകരിച്ചതിനു പുറമെ ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിനെതിരെ ജനവികാരമുണ്ടായതായും സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

യു.ഡി.എഫ് അനുകൂലതരംഗത്തില്‍ സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യു.ഡി.എഫ് നേടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പതിനേഴില്‍ ഉറച്ച വിജയപ്രതീക്ഷയും മറ്റു മൂന്ന് സീറ്റുകളില്‍ ഇഞ്ചോടിഞ്ച് മത്സരവുമാണ് നടന്നത്. ബി.ജെ.പിക്ക് ഒരിക്കലും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാവില്ല. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ രണ്ട് ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കും.

മലപ്പുറത്ത് 210000 മുതല്‍ 230000 വരെ വോട്ട് ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കും. പൊന്നാനിയില്‍ 70,000 മുതല്‍ 75000 വരെവോട്ടിന്‍റെ ഭൂരിപക്ഷം ഇ.ടി. മുഹമ്മദ് ബഷീറിന് ലഭിക്കുമെന്നും മുസ്‌ലിം ലീഗ് വിലയിരുത്തി. തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി നവാസ് ഗനിയും വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

0Shares