
പാലാ ഉപതെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. വമ്പിച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും ഐക്യജനാധിപത്യ മുന്നണിയോടൊപ്പമുള്ളവര്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില ബൂത്തുകളില്‍ വെളിച്ചത്തിന്‍റെ കുറവുണ്ടെന്നുള്ള പരാതിയുണ്ട്. ഇത് അധികൃതരെ അറിയിച്ചിട്ടുണ്ട്, ജോസ് കെ. മാണി വ്യക്തമാക്കി. അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇതു വരെ 33.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബൂത്തുകളില്‍ പോളിംഗ് തുടരുകയാണ്. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട്.
176 ബൂത്തുകളിലായി 179106 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ച് പ്രശ്‌ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്. 1965 മുതല്‍ 13 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ. എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
