
തിരുവനന്തപുരം: പകര്‍ച്ച പനിയുടെ ആഘാതം വിട്ടൊഴിയും മുമ്പ് സംസ്ഥാനത്ത് ഭീതി പരത്തി കോളറയും. മലപ്പുറത്തും പത്തനംതിട്ടയിലും കോളറ മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ മലപ്പുറത്തും കോഴിക്കോടുമാണ് കോളറ പടര്‍ന്നുപിടിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇതിനോടകം ആറ് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുകഴിഞ്ഞു.
ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പശ്ചിമബംഗാളില്‍ നിന്നെത്തിയ അന്യ സംസ്ഥാന തൊഴിലാളികളിലാണ് ആദ്യം കോളറ സ്ഥിരീകരിച്ചത്. മലപ്പുറത്തും പത്തനംതിട്ടയിലുമാണ് ഓരോ കോളറ മരണം റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആവശ്യപ്പെട്ട് എല്ലാ ജില്ലകളിലെയും ഡി.എം.ഒ മാര്‍ക്ക് ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. കോളറ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാന്‍ സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും പടര്‍ന്നുപിടിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കോളറയും പടരുന്നത്. പനി ബാധിച്ച് മാത്രം ഏകദേശം 170 ഓളം പേര് സംസ്ഥാനത്ത് ഈ വര്‍ഷം മരണപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കോളറയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ഇവ ‘കോളറാ ടോക്സിന്’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്.
മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്ടീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം നേരം ജീവിക്കുന്നതിന് കഴിവുള്ളതിനാല്‍ ഇത്തരം രോഗം പകരാന്‍ വഴിയൊരുക്കുന്നു.
