എഡിറ്റോറിയല്‍: രാഷ്ട്രീയമായ എതിര്‍പ്പിന്റെ പേരില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്ത് പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും പ്രസംഗിക്കുന്ന ദിവസം ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുമെന്നുള്ള സംഘപരിവാര്‍ സംഘടനകളുടെയും ബി.ജെ.പിയുടെയും ധാര്‍ഷ്ട്യം നിറഞ്ഞ
വെല്ലുവിളി കേരളത്തിലെയും കര്‍ണാടകയിലെയും ജനാധിപത്യ ബോധമുള്ള ഏതൊരാളെയും പിടിച്ചുകുലുക്കാന്‍ പോന്നതായിരുന്നു. രാഷ്ട്രീയ സഹിഷ്ണുത നാള്‍ക്കുനാള്‍ പോയ്മറയുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ പ്രഖ്യാപനം. രാഷ്ട്രീയ മൂല്യച്യുതി അതിന്റെ പരമകാഷ്ഠയില്‍ എത്തിയ കാലയളവിലൂടെയാണ് നമ്മുടെ നാട് കടന്നുപോകുന്നത്. പോയവാരത്തില്‍ മംഗലാപുരത്ത് നടന്ന സി.പി.എം മത സൗഹാര്‍ദറാലിയില്‍ പങ്കെടുക്കാന്‍ എത്തിയ കേരള മുഖ്യമന്ത്രിയെ അവിടെ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ വെല്ലുവിളി നിറഞ്ഞ പ്രഖ്യാപനം. രണ്ടു സംസ്ഥാനത്തെയും ജനവിഭാഗത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവം ഒടുവില്‍ ‘മലപോലെ വന്നത് മഞ്ഞുപോലെ പോയി’ എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് കലാശിച്ചത്.

കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയ വലിയ സുരക്ഷാ സംവിധാനത്തിനും രാഷ്ട്രീയാതീതമായ ജനാധിപത്യ ബോധത്തിനും മുന്നില്‍ കേരള മുഖ്യമന്ത്രിക്കെതിരെ പടനയിക്കാന്‍ പുറപ്പെട്ടവര്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. ആയിരങ്ങള്‍ പങ്കെടുത്ത മത സൗഹാര്‍ദ റാലിയില്‍ സംബന്ധിച്ച് ആവേശം അലതല്ലിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി ‘വാര്‍ത്താഭാരതി’ എന്ന കന്നട പത്രത്തിന്റെ കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചശേഷം നെഞ്ചുവിരിച്ച് ഉയര്‍ന്ന ശിരസ്സുമായാണ് കര്‍ണാടകത്തില്‍ നിന്നും മടങ്ങിയത്. രണ്ട് ചടങ്ങുകളും യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലാതെ നടന്നുവെങ്കിലും വര്‍ത്തമാനകാലത്ത് പെരുകി വരുന്ന രാഷ്ട്രീയ അസഹിഷ്ണുതയുടെ ആസുരമുഖമാണ് ഈ അവസരത്തില്‍ നമ്മെ അലോസരപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തുറന്നവേദി ഒരുക്കുകയും, എതിര്‍ സ്വരം ഉയരുമ്പോള്‍ അന്യോന്യം ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്യുന്നിടത്താണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ മഹത്വം കുടിക്കൊള്ളുന്നത്.

രാഷ്ട്രീയ വിയോജിപ്പുകള്‍ വ്യക്തി വിരോധമായിമാറി പരസ്പരമുള്ള അപമാനിക്കലും കൈയ്യാങ്കളിയും അക്രമവും ഒടുവില്‍ കൊലപാതകവുമായി പരിണമിക്കുന്നത് രാഷ്ട്രീയ സഹിഷ്ണുതയുടെ അഭാവം ഒന്നുകൊണ്ടുമാത്രമാണ്. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും പ്രത്യയശാസ്ത്രത്തില്‍ നിന്നും വിശ്വാസപ്രമാണത്തില്‍ നിന്നും സി.പി.എമ്മും ബി.ജെ.പിയും ശാശ്വതമായി പിറകോട്ട് പോയാല്‍ മാത്രമെ രാഷ്ട്രീയ രംഗത്ത് സഹിഷ്ണുതയും ജനാധിപത്യ ബോധവും പുലരുകയുള്ളൂ. ജനാധിപത്യ മര്യാദകള്‍ അവലംബിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് നമ്മുടെ നാടും ഈ കാലവും ആവശ്യപ്പെടുന്നത്. രാഷ്ട്രീയ നേതാക്കളും ഭരണകൂട സാരഥികളും ഈ വൈകിയ വേളയിലെങ്കിലും ആ വഴിക്ക് നീങ്ങിയെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. ദൈവമേ, അങ്ങനെയെങ്കില്‍ നമ്മുടെ നാട് എത്ര നന്നാകുമായിരുന്നു!.