
പീതാംബരൻ കുറ്റിക്കോൽ
ഇരിയണ്ണി / കാസർകോട്: നമ്മുടെ നൃത്തരംഗം അതിന്റെ നിലനില്‍പ്പിനുള്ള പ്രതിഭകളെ എക്കാലത്തും സൃഷ്ടിക്കുന്നു എന്നതിന് ഉദാഹരണമാണ് കാസര്‍കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും ‘എ’ ഗ്രേഡോടെ സമ്മാനങ്ങൾ നേടി ശ്രദ്ധേയയായ പാർവതി കൃഷ്ണ. ഭരതനാട്യം, നാടോടിനൃത്തം (സിംഗിൾ) എന്നിവയിൽ ഒന്നാംസ്ഥാനവും കുച്ചുപ്പുടിയിൽ രണ്ടാം സ്ഥാനവും നേടി. ഇതിനൊപ്പം തന്നെ പാർവതിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഘനൃത്തത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. തന്മയത്വമുള്ള നൃത്തം അവതരിപ്പിച്ചാണ് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയത്.

മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ എട്ട് വർഷമായി സബ്ജില്ല– ജില്ലാ മേളകളിൽ ഈ കുരുന്നു കലാകാരി ഒന്നാം സ്ഥാനക്കാരിയാണ്. രണ്ടുവർഷമായി സംസ്ഥാന തലത്തിൽ മൂന്ന് വ്യക്തിഗതയിനങ്ങളിലും കഴിവ് തെളിയിക്കുന്നുണ്ട്.

നൃത്ത രംഗത്ത് ഏറെ പ്രതീക്ഷയുള്ള ഈ കലാകാരി കയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിൽ പത്താതരം വിദ്യാർത്ഥിനിയാണ്. ദേശീയ നൃത്ത വേദികളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സ് കണ്ടക്ടർ ജീവനക്കാരായ കയ്യൂർ, മുഴക്കോം സ്വദേശി ഉണ്ണികൃഷ്ണൻ – ബിന്ദു ദമ്പതികളാണ് പാർവതിയുടെ മാതാപിതാക്കൾ.
