
തിരുവനന്തപുരം; നിപ്പ ഭീതിയെത്തുടര്‍ന്നു ഗള്‍ഫ് രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായി കേരളം. പഴം,പച്ചക്കറി കയറ്റുമതി വിപണിയില്‍ ഇതുവരെ 40 കോടിയിലേറെ രൂപയുടെ നഷ്ടം. യു.എ.ഇ വിലക്കു പിന്‍വലിച്ചെങ്കിലും ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം തുടരുന്നു. ഒരു മാസത്തിലേറെയായി തുടരുന്ന വിലക്കുമൂലം ആയിരക്കണക്കിനു കര്‍ഷകരും കയറ്റുമതി മേഖലയിലെ നൂറുകണക്കിനു തൊഴിലാളികളുമാണു ദുരിതത്തിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ മാസം രണ്ടു മുതലാണു ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്കു നീക്കാന്‍ ഇടപെടണമെന്നു കയറ്റുമതി ഏജന്‍സികളുടെ കൂട്ടായ്മയായ അപ്പെക്‌സ (അഗ്രിക്കള്‍ച്ചറല്‍ പ്രോഡക്ട്‌സ് ആന്‍ഡ് പ്രോസെസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍) മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസ് വിദേശകാര്യ മന്ത്രാലയത്തിനും വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കും കത്തുനല്‍കി.വിലക്ക് നീക്കിയാലും കയറ്റുമതി പഴയതുപോലെ ആവാന്‍ കൊറേയെറെ കടമ്പ കടകേണ്ടതുണ്ടെന്ന് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി .നിപ്പ ഭീതി പൂര്‍ണമായും മാറിയെന്ന സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ പ്രഖ്യാപിച്ചതോടെ വിലക്ക് നീക്കാന്‍ മൂന്നു ദിവസം മുമ്പാണ് യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചത്
