നാശോന്മുഖമായ പൊവ്വല്‍ കോട്ടയെ പുതുക്കിപ്പണിതു; മെയ് നാലിനു കോട്ട മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നാടിന്ന് സമര്‍പിക്കും

  • Post category:news
  • Reading time:1 min read
You are currently viewing നാശോന്മുഖമായ പൊവ്വല്‍ കോട്ടയെ പുതുക്കിപ്പണിതു; മെയ് നാലിനു കോട്ട മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നാടിന്ന് സമര്‍പിക്കും

ബോവിക്കാനം(കാസര്‍കോട്): സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ അധീനതയിലുള്ള, 300 വര്‍ഷം പഴക്കമുള്ള പൊവ്വല്‍ കോട്ട മെയ് നാലിന് നാടിന് സമര്‍പിക്കും. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നവീകരിച്ച കോട്ട ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. തെക്കേ ഇന്ത്യയിലെ പ്രമുഖ രാജവംശമായിരുന്ന വിജയനഗരത്തിന്‍റെ പതനത്തിന് ശേഷം തെക്കന്‍ കാനറയുടെ അധികാരം കൈയ്യാളിയിരുന്ന ഇക്കേരി നായക്കന്മാര്‍ പതിനേഴാം നൂറ്റാണ്ടില്‍ പണിതകോട്ടയാണിത്.1985 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ അധീനതയിലുള്ള കോട്ടയ്ക്ക് 8.44 ഏക്കര്‍ വിസ്തൃതിയാണുള്ളത്. നാശത്തിന്‍റെ  വക്കിലായ കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ കുഞ്ഞിരാമന്‍ എം.എല്‍.എ സംസ്ഥാന സംസ്ഥാന പുരവസ്തു വകുപ്പിന് കഴിഞ്ഞ വര്‍ഷം നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊവ്വല്‍ കോട്ട പൈതൃക വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിന് 52 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തിയാക്കി.കോട്ടയുടെ അറ്റകുറ്റപ്പണി, നടപ്പാതയില്‍ കല്ലുപാകല്‍, കോട്ടയുടെ അകത്തുള്ള കുളം, കിണര്‍ എന്നിവയുടെ നവീകരണം, ഇതിനകത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിന്റെ നവീകരണം, കോട്ടയുടെ പുറത്ത് കുടിവെള്ളം, ടോയ്ലറ്റ്, ഓഫീസ് എന്നിവ പുതുതായി ഒരുക്കി. പൈതൃക വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിച്ചെടുത്ത കോട്ട നാടിന് സമര്‍പിക്കുന്ന പരിപാടിക്ക് മുളിയാര്‍ പഞ്ചായത്ത് ഓഫീസില്‍ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

0Shares