
ഹൈദരാബാദ്: നാലോ അഞ്ചോ വർഷത്തിനുള്ളിൽ സി.പി.ഐ – സി.പി.എം ലയനം സംഭവിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി. അല്ലെങ്കിൽ ഇരുപാർട്ടികൾക്കും ക്ഷീണമുണ്ടാകും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കാനായാൽ, അതു മികച്ച ഫലങ്ങളുണ്ടാക്കും. ഒറ്റരാത്രികൊണ്ട് എല്ലാം മാറിമറിയുമെന്നു ഞാൻ പറയില്ല. പക്ഷേ, ഉറപ്പായും ലയനം മികച്ച ഫലമുണ്ടാക്കും. ലയനം സംബന്ധിച്ചു നേരിട്ടു ചർച്ചകൾ ഇനിയും നടന്നിട്ടില്ലെന്നും റെഡ്ഡി പറഞ്ഞു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ഇടയാക്കിയ ഘടകങ്ങൾ അപ്രസക്തമായി തീർന്നെന്നും രാജ്യത്തെ നിലവിലെ രാഷ്ട്രീയസ്ഥിതി ലയനത്തിന് ശക്തമായ കാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇടതുപക്ഷ പ്രസ്ഥാനം ബുദ്ധിമുട്ടിലാണെന്ന തോന്നലും ഇക്കാലത്തു നമുക്കിടയിലുണ്ട്. ഒരേജോലി ചെയ്ത് രണ്ടു പാർട്ടികൾ പകർപ്പുകളായി മാറേണ്ട ആവശ്യമില്ല’– റെഡ്ഡി പറഞ്ഞു.

സി.പി.എം – സി.പി.ഐ ലയനം ജനങ്ങളുടെ ആവശ്യമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള മുൻപ് അഭിപ്രായപ്പെടുകയും മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബി അതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ലയനത്തിന് ആശയപരമായും സംഘടനാപരമായും പ്രശ്‌നങ്ങളുണ്ട്. അവ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്. എം എ ബേബിയുടെ പ്രസ്താവനയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നുമായിരുന്നു അന്നത്തെ സി.പി എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഇതിനോട് പ്രതികരിച്ചത്. ഇപ്പോൾ സി.പി.ഐ ജനറൽ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രസ്താവനയോട് സി പി എം ഏത് തരത്തിലുള്ള സമീപനമാകും സ്വീകരിക്കുക എന്ന് പറയാറായിട്ടില്ല.
