
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. ഈ തുക ‘8443 -സിവില്‍ ഡിപ്പോസിറ്റ്‌സ്-121-ഡിപ്പോസിറ്റ്‌സ് ഇന്‍ കണക്ഷന്‍ വിത്ത് ഇലക്ഷന്‍സ്-2-ഡിപ്പോസിറ്റ്‌സ് മെയ്ഡ് ബൈ കാന്‍ഡിഡേറ്റ്‌സ് ഫോര്‍ പാര്‍ലമെന്റ്’എന്ന ശീര്‍ഷകത്തില്‍ ഒടുക്കി ഒറിജിനല്‍ ചലാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് നല്‍കണം.

നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന ഫോറം 26 ലുളള സത്യവാങ്മൂലം 50 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ തയ്യാറാക്കി നല്‍കണം. ഈ സത്യപ്രസ്താവന ഒരു സത്യപ്രതിജ്ഞാ കമ്മീഷണറുടെയോ, ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ടിൻ്റെയോ, നോട്ടറി പബ്ലിക്കിൻ്റെയോ മുമ്പാകെ ചെയ്തിരിക്കണം.
നാമനിര്‍ദ്ദേശ പത്രികയില്‍ പതിച്ചിരിക്കുന്ന ഫോട്ടോയ്ക്ക് പുറമേ ബാലറ്റ് പേപ്പറില്‍ അച്ചടിക്കുന്നതിനായി അതേതരത്തിലുളള മറ്റൊരു ഫോട്ടോ കൂടി സ്ഥാനാര്‍ത്ഥി കൊണ്ടുവരണം. ഈ ഫോട്ടോ വെളുത്ത/ ഇളം നിറമുളള പശ്ചാത്തലത്തില്‍ മുഖം പൂര്‍ണ്ണമായി കാണാവുന്ന 2 സെ.മി x 2.5 സെ.മി വലിപ്പത്തില്‍ സമീപകാലത്ത് എടുത്തതായിരിക്കണം. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഒരു ബാങ്ക് അക്കൗണ്ട് തുറക്കണം. ബാങ്ക് പാസ് ബുക്കിൻ്റെ മുന്‍ പേജും, അവസാനമായി നടന്ന ഇടപാട് കാണിക്കുന്ന പേജിൻ്റെയും പകര്‍പ്പ് ഹാജരാക്കേണ്ടതാണ്.