നരേന്ദ്രമോഡി മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്തത് ഏഴ് സംസ്ഥാനങ്ങള്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing നരേന്ദ്രമോഡി മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്തത് ഏഴ് സംസ്ഥാനങ്ങള്‍ക്ക്

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളേയും തഴഞ്ഞ് രണ്ടാം മോഡി മന്ത്രിസഭ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മണിപ്പുര്‍, മിസോറാം, സിക്കിം ഉള്‍പ്പടെ ഏഴു സംസ്ഥാനങ്ങളാണ് മന്ത്രിസഭയില്‍ തഴയപ്പെട്ടത്. ആന്ധ്രയില്‍ എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ജയിച്ച ഏക എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ഒ. പനീര്‍ശെല്‍വത്തിന്‍റെ മകനുമായ ഒ.പി രവീന്ദ്രകുമാറിന് കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു എ.ഐ.എ.ഡി.എം.കെയുടെ പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പടെ ഉത്തര്‍പ്രദേശില്‍ നിന്ന് 10 പേരാണ് മന്ത്രിസഭയിലുള്ളത്. രണ്ടാം മോഡി മന്ത്രിസഭയില്‍ ഏറ്റവുമധികം പ്രാതിനിധ്യം ലഭിച്ചതും ഉത്തര്‍പ്രദേശിനു തന്നെ. ഏഴു മന്ത്രിമാരുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്തുള്ളത്. ബിഹാറിന് ആറ് മന്ത്രിമാരെ ലഭിച്ചു. 80 ലോക്‌സഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. മഹാരാഷ്ട്ര 48ഉം ബിഹാര്‍ 40ഉം എം.പിമാരെയാണ് ലോക്‌സഭയിലേക്കയച്ചത്.

ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക എന്നിവടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍,ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം പേരും കേന്ദ്ര മന്ത്രിമാരായി. ഡല്‍ഹിയില്‍ നിന്ന് ഏഴു സീറ്റുകളും തൂത്തുവാരിയെങ്കിലും ഒരു മന്ത്രി മാത്രമാണ് ഇവിടെ നിന്നുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍.ഡി.എ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും അസം, അരുണാചല്‍ എന്നിവിടങ്ങളില്‍ നിന്നൊഴികെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മന്ത്രിമാരില്ല.

0Shares