
കേന്ദ്രബജറ്റ് നിരാശാജനകമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ചെറുകിട മേഖലയെ തകര്‍ക്കുന്ന ബജറ്റാണിതെന്നും വിലക്കയറ്റം തടയാനുള്ള നടപടിയില്ലെന്നും പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ ആരോപിച്ചു. നടക്കാത്ത കാര്യങ്ങളാണ് ബജറ്റിലുള്ളതെന്നും കണക്കുകള്‍കൊണ്ടുള്ള കള്ളക്കളിയാണ് കൂടുതലായുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധം നേരിട്ട് കേന്ദ്രമന്ത്രിയെ അറിയിക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു. നേരത്തെ കേന്ദ്ര ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി എൻ. കെ പ്രേമചന്ദ്രൻ എം.പിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ പൊതു സ്വത്ത് പൂര്‍ണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. പൂര്‍ണ്ണമായ സ്വകാര്യവത്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നു എന്നും പ്രേമചന്ദ്രൻ ദില്ലിയില്‍ പറഞ്ഞു.
എൽ.ഐ.സിയുടെ ഓഹരികൾ പോലും വിറ്റഴിക്കുകയാണ്. രാജ്യത്തിന്‍റെ പൊതു സ്വത്തിന്‍റെ സമ്പൂർണ വില്പനയാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രഖ്യാപിച്ച ബജറ്റ് നിർദേശങ്ങൾ അപ്രസക്തം ആണെന്ന് തുറന്ന് സമ്മതിക്കുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. നടപ്പ് സാമ്പത്തിക വർഷത്തിലെ മൊത്തം വളർച്ച നിരക്ക് എത്രയെന്ന് കൃത്യമായി പറയാൻ പോലും ധനമന്ത്രിക്ക് ആയില്ലെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
