ധീര ജവാൻ്റെ ഭൗതികശരീരം ഏറ്റുവാങ്ങാൻ കരിപ്പൂരിൽ വൻ ജനക്കൂട്ടം

  • Post category:news
  • Reading time:1 min read
You are currently viewing ധീര ജവാൻ്റെ ഭൗതികശരീരം ഏറ്റുവാങ്ങാൻ കരിപ്പൂരിൽ വൻ ജനക്കൂട്ടം

കോഴിക്കോട്/ വയനാട്: പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്‍റെ ഭൗതികശരീരം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. വിമാനത്താവളത്തിൽ വസന്തകുമാറിന്‍റെ സഹോദരനടക്കമുള്ള ബന്ധുക്കളും മന്ത്രിമാരും എം.പി മാരുമടക്കമുള്ള ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. വൻ ജനപ്രവാഹമായതിനാൽ അന്തിമോപചാരം അർപ്പിക്കുന്നതിനായി വിമാനത്താവളത്തിലെ ആഗമന ടെര്‍മിനലിന് സമീപം അരമണിക്കൂറോളം പൊതുദർശനത്തിന് വെച്ചു.

മന്ത്രിമാരായ കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, എം.പിമാരായ എം.കെ.രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഷാഫി പറമ്പിൽ, അബ്ദുള്‍ ഹമീദ് തുടങ്ങി നിരവധി ജനപ്രതിനിധികള്‍ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ.ടി ജലീലും, ഗവര്‍ണര്‍ക്ക് വേണ്ടി മലപ്പുറം ജില്ലാ കളക്ടറും മൃതദേഹത്തില്‍ റീത്ത് വെച്ചു. പിന്നീട് ഭൗതികശരീരം സി.ആര്‍.പി.എഫിന്‍റെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലേക്ക് മാറ്റുകയും ശേഷം വിലാപയാത്രയായി വയനാട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. വയനാട്ടിൽ വസന്തകുമാർ പഠിച്ച സ്കൂളിലാണ് പൊതുദർശനത്തിന് വെക്കുക. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിൽ കുടുംങ്ങങ്ങൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം സംസ്ഥാന- സൈനിക ബഹുമതികളോടെ സംസ്കരിക്കും.

0Shares