കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ അടിയന്തിരയോഗം കൊച്ചിയില്‍ ചേര്‍ന്നു. താരസംഘടന അമ്മയുടെ പ്രസിഡണ്ട് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കടുത്തു. യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളുമായി സംസാരിച്ചു. എറണാകുളം പ്രസ് ക്ലബ്ബിലായിരുന്നു മോഹന്‍ലാല്‍ മാധ്യമങ്ങളുമായി സംസാരിച്ചത്. തമിഴ് സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന മോഹന്‍ലാല്‍ കഴിഞ്ഞദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇതിനുശേഷം അമ്മയുടെ അടിയന്തിര യോഗം ചേര്‍ന്നു. പിന്നീട് മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. അമ്മയില്‍ കുറെ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. 25 വര്‍ഷം മുമ്പ് ഉണ്ടാക്കിയ ബൈലോ അടക്കം മാറ്റേണ്ടതുണ്ട്. പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളും ഗൗരവത്തില്‍ എടുത്ത് നല്ലനിലയില്‍ മുന്നോട്ട് പോകും.
ദിലീപ് വിഷയത്തില്‍ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ സംസാരിക്കാത്തവരാണ് പിന്നീട് പുറത്തിപോയി പ്രതികരിക്കുന്നത്. w.c.c യുടെ കത്ത് അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. അത് വിശദമായി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യും. യോഗം അടുത്തുതന്നെ ചേരുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയിലെ അംഗങ്ങളുടെ കാര്യത്തില്‍ എല്ലാവരും ഒരുപോലെയാണ്. കുറെ ഏറെപേര്‍ക്ക് ഇപ്പോള്‍ സിനിമപോലും ഇല്ല. അതിന് മാറ്റമുണ്ടാകും ഒരു വര്‍ഷം ഒരാള്‍ ഒരു സിനിമയെങ്കിലും ചെയ്യണമെന്നും അതിനായി അവര്‍ ആത്മാര്‍ഥമായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതകളെ അമ്മയുടെ തലപ്പത്ത് കൊണ്ടുവരും. അതിനായി അവര്‍ ആര്‍ജവം കാണിക്കണം. യോഗങ്ങളില്‍ പ്രതികരിക്കാത്തവര്‍ പുറത്ത് പോയി പരസ്യ പ്രതികരണം നടത്തുന്നത് ശരിയല്ല എന്നും മോഹന്‍ലാല്‍ ആവര്‍ത്തിച്ചു.
ദിലീപ് വിഷയം; മാധ്യമങ്ങളോട് വിശദീകരണവുമായി അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍