
കാസര്‍കോട്: തുളു ഭാഷയുടെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള കേരള തുളു അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തുളു സെമിനാര്‍ സംഘടിപ്പിക്കുന്നു. കാസര്‍കോട് ലളിതകലാ സദനയില്‍ ഡിസംബര്‍ 17ന് ആരംഭിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ രാവിലെ 10.15ന് വൈദ്യുതി മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്യും. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യാതിഥിയാവും.
രണ്ട് ദിവസങ്ങളിലായി തുളു ഭാഷയുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും കലാ-സാംസ്‌കാരിക പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ തുളു ലിപിയിലുള്ള ‘തെമ്പരെ’ പുസ്തകം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രകാശനം ചെയ്യും. എം.എല്‍.എമാരായ എം. സി കമറുദ്ദീന്‍, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം. സാലിയാന്‍, നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. പി. പി മുസ്തഫ, കെ. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആര്‍ ജയാനന്ത, നഗരസഭാംഗം അരുണ്‍ കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.
രാവിലെ ഒമ്പതിന് തുടങ്ങുന്ന പ്രശ്നോത്തരി മത്സരം ഡോ. രാജേഷ് ബെജംഗള നിയന്ത്രിക്കും. തുടര്‍ന്ന് കര്‍ക്കിടക തെയ്യവുമുണ്ടായിരിക്കും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സെമിനാറില്‍ കാസര്‍കോട്ടെ തുളുവിന്‍റെ സ്വാധീനം എന്ന വിഷയത്തില്‍ സമഗ്ര ശിക്ഷ പ്രോഗ്രാം ഓഫീസര്‍ നാരായണ ദേലംപാടിയും കാസര്‍കോട് തുളു സാഹിത്യം എന്ന വിഷയത്തില്‍ തുളു സാഹിത്യകാരന്‍ കിഷോര്‍ കുമാര്‍ റൈ ഷേണിയും വിഷയമവതരിപ്പിക്കും. തുടര്‍ന്ന് നാല് മുതല്‍ തുളു, മലയാളം, കന്നഡ, ഇംഗ്ലീഷ് ലിപികളില്‍ പ്രബന്ധമത്സരവുമുണ്ടാവും.

18ന് രാവിലെ ഒമ്പത് മുതല്‍ തുളു ലിപി ശില്പശാല സംഘടിപ്പിക്കും. മുന്‍ എം.പി പി. കരുണാകരന്‍ തുളു ലിപി പുസ്തകം പ്രകാശനം ചെയ്യും. തുടര്‍ന്ന് തുളു ഗവേഷണ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. രാജേഷ് ബെജ്ജംഗള പ്രഭാഷണവും ചര്‍ച്ചയും നടത്തും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സമാപന ചടങ്ങില്‍ കര്‍ണാടക തുളു സാഹിത്യ അക്കാദമി അധ്യക്ഷന്‍ ദയാനന്ദ കത്തല്‍സാര്‍ മുഖ്യാതിഥിയാവും. കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍, മുന്‍ എം.എല്‍.എ സി. എച്ച് കുഞ്ഞമ്പു, തുളു സാഹിത്യകാരന്‍ മലാര്‍ ജയറാം റൈ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സെമിനാറിനോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി കങ്കിലു നലികെ, തുളു യക്ഷഗാന പദങ്ങള്‍, തുളു കബിതെ, പാട്ദന, തുളു ജനപദ നൃത്തം എന്നിവയും അരങ്ങേറും.
ഇതോടൊപ്പം തന്നെ കാസര്‍കോട് ജില്ലയിലെ ഭാഷാ ന്യൂനപക്ഷമായ തുളു ജനവിഭാഗത്തിന്‍റെ കലാ-സാംസ്‌കാരിക സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മഞ്ചേശ്വരം കടമ്പാറിലെ ദുര്‍ഗിപ്പള്ളത്ത് നിര്‍മിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവും. തുളുഭവന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള കലാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം. സാലിയാന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ ആയിരംദിനാഘോഷത്തിന്‍റെ ഭാഗമായി കേരള തുളു അക്കാദമിയുടെ നേതൃത്വത്തിലാണ് തുളുഭവന്‍ നിര്‍മാണമാരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു ശിലാസ്ഥാപനം നിര്‍വഹിച്ചത്. തുളു ഭവനിനായി സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപയാണ് അനുവദിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ യോഗത്തില്‍ തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍, അക്കാദമി സെക്രട്ടറി വിജയകുമാര്‍ പാവള, അക്കാദമി അംഗങ്ങളായ രാധാകൃഷ്ണന്‍ ഉളിയത്തട്ക്ക, സജിതാ റൈ എന്നിവര്‍ സംബന്ധിച്ചു.
