കൊച്ചി: ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം പണകൊഴുപ്പിന്റെ മൂടുപടം അണിഞ്ഞിരിക്കുകയാണെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ പറഞ്ഞു. ഇതിന് ഒരു തിരുത്തല്‍ ശക്തിയായി മാറാന്‍ ഡി.വൈ.എഫ്.ഐ രംഗത്ത് ഇറങ്ങണമെന്നും ഗോപാല്‍ ഗൗഡ അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലും ജനസഭകളിലുമെല്ലാം എത്തുന്നത് യഥാര്‍ഥ ജനപ്രതിനിധികളല്ല. സമ്പന്ന വിഭാഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ് പണത്തിന്റേയും മറ്റും സ്വാധീനത്താല്‍ സഭകളിലേക്ക് എത്തപ്പെടുന്നത്.

ഇടതുപാര്‍ട്ടികള്‍ ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും സമ്പന്നരായവരെയാണ് ജനപ്രതിനിധി സഭകളിലേക്ക് വിടുന്നത്. പൊതു മേഖല വ്യവസായ സ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗൗഡ പറഞ്ഞു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എംബി രാജേഷ് എം.പി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
