ട്വന്റി- 20 ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്. ധോണി പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ട്വന്റി- 20 ക്രിക്കറ്റ് പരമ്പരയില്‍ നിന്ന്  ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്. ധോണി പുറത്ത്

മുംബൈ: ഇന്ത്യ ട്വന്റി- 20 ടീമില്‍ നിന്ന് മുന്‍ നായകന്‍ എം.എസ്. ധോണി പുറത്ത്. വിന്‍ഡീസിനും ഓസ്ട്രേലിയക്കും എതിരായ പരമ്പരയില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയതോടെയാണ് വിശ്വ വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച താരം പുറത്തായത്. ധോണിക്കു പകരം മറ്റൊരു വിക്കറ്റ് കീപ്പറെ പരീക്ഷിക്കാനാണ് ട്വന്റി- 20 യില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ചീഫ് സെലക്ടര്‍ എം.എസ്‌.കെ പ്രസാദ് പറയുന്നത്. വിക്കറ്റിനു പിന്നില്‍ ധോണിക്കു പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ പരിഗണിക്കാതിരിക്കാന്‍ കാരണമെന്ന് പ്രസാദ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ഏകദിന ടീമിലും ധോണിയുടെ ഭാവി അനിശ്ചിതത്വത്തിലായി.വിന്‍ഡീസിനെതിരായ ട്വന്റി- 20 പരമ്പരയില്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയ സെലക്ടര്‍മാര്‍ പകരം രോഹിത് ശര്‍മ്മയെ നായകനായി പ്രഖ്യാപിച്ചു. ഓസ്ട്രേലിയന്‍ പരമ്പരയില്‍ വിരാട് കോലി തിരിച്ചെത്തും. പരിക്കേറ്റ ഹാര്‍ദിക് പണ്ഡ്യക്ക് വിശ്രമം നല്‍കിയപ്പോള്‍ ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ ഇതുവരെയായി ആകെ 104 ട്വന്റി- 20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 93 എണ്ണത്തിലും ധോണി കളിച്ചിട്ടുണ്ട്. 2007ല്‍ ഇന്ത്യ ആദ്യ ട്വന്റി- 20 ലോകകപ്പ് നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. 37.17 റണ്‍സ് ശരാശരിയില്‍ ധോണി 1,487 റണ്‍സും അന്താരാഷ്ട്ര ട്വന്റി- 20 മത്സരങ്ങളില്‍ നിന്നായി നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാദ് നദീം. (വിരാട് കോലി തിരിച്ചെത്തുമ്പോള്‍ നദീം പുറത്താകും).

0Shares