തിരുവനന്തപുരം: ആകാശവാണിയിലെ ആദ്യകാല അനൗണ്‍സര്‍ ടി. പി. രാധാമണി (84)ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. നിരവധി റേഡിയോ നാടകങ്ങളിലൂടെയും റേഡിയോ പ്രോഗ്രാമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് രാധാമണി. അണഞ്ഞുപോയത് ശബ്ദം കൊണ്ട് കേരളത്തെ പിടിച്ചിരുത്തിയ പ്രക്ഷേപക. സ്റ്റേജില്‍ അഭിനയിച്ച് ഒട്ടും പരിചയമില്ലാതിരുന്ന രാധാമണി പക്ഷേ റേഡിയോ നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി.
സാമൂഹിക നാടകങ്ങള്‍, പുരാണ നാടകങ്ങള്‍ തുടങ്ങി നിരവധി നാടകങ്ങളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു. ജരാസന്ധന്റെ പുത്രി, എസ് രമേശന്‍ നായര്‍ എഴുതിയ ചിലപ്പതികാരം, കുന്തി, ഗാന്ധാരി, ഝാന്‍സി റാണി, ഉമയമ്മ റാണി തുടങ്ങിയവ രാധാമണി അഭിനയിച്ച പ്രശസ്തമായ റേഡിയോ നാടകങ്ങളാണ്. 43 വര്‍ഷം ആകാശവാണിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് വിരമിച്ചത്. അറുപതോളം ചിത്രങ്ങളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ദേവി കന്യാകുമാരിയില്‍ ദേവിയായി അഭിനയിച്ച വിനോദിനിക്ക് ശബ്ദം നല്‍കി.
1950 ല്‍ സ്വാതി തിരുനാള്‍ സംഗീത അക്കാഡമിയില്‍ നിന്നും ഗാനഭൂഷണം പാസായി. ആ സമയത്ത് തന്നെ, തിരുവനന്തപുരം റേഡിയോ നിലയത്തില്‍ ചെറിയ തോതില്‍ കച്ചേരികള്‍ നടത്തുമായിരുന്നു. പിന്നീട് റേഡിയോ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തിരുനയിനാര്‍ കുറിച്ചി മാധവന്‍നായരുടെ, സത്യന്‍ നായകനായ കരിനിഴല്‍ എന്ന റേഡിയോ നാടകത്തില്‍ നായികയായി. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. 1975 ല്‍ കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം ലഭിച്ചു. പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗറിലായിരുന്നു താമസം. റേഡിയോ ആര്‍ട്ടിസ്റ്റായിരുന്ന പി ഗംഗാധരന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: ആര്‍ ചന്ദ്രമോഹന്‍, ജി ആര്‍ ശ്രീകല, ജി ആര്‍ കണ്ണന്‍, ജി ആര്‍ നന്ദകുമാര്‍.
മരുമക്കള്‍: അമ്പിളി, പരേതനായ പ്രദീപ്കുമാര്‍, ഹേമലത (ദൂരദര്‍ശന്‍ ന്യൂസ് റീഡര്‍), ലൗലിക്കുട്ടി പോള്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക്).
ടി.പി. രാധാമണിക്ക് യാത്രാമൊഴി; മായുന്നത് ശബ്ദം കൊണ്ട് കേരളത്തെ പിടിച്ചിരുത്തിയ പ്രക്ഷേപക