തൃശൂര്‍: ഒളിവില്‍ കഴിയാന്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് സഹായിച്ചുവെന്ന് അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന്റെ മൊഴി. ഒളിവില്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണദാസിനെ സന്ദര്‍ശിച്ചിരുന്നുവെന്നും നിയമസഹായം കൃഷ്ണദാസ് വാഗ്ദാനം ചെയ്തിരുന്നതായും ശക്തിവേല്‍ മൊഴി നല്‍കിയിട്ടുണ്ട്. ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശക്തിവേല്‍ പറഞ്ഞു. എന്നാല്‍ കോപ്പിയടി സര്‍വകലാശാലയിലേക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജിഷ്ണുവിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നായിരിക്കും ജിഷ്ണു മരിച്ചതെന്നുമാണ് ശക്തിവേല്‍ പറയുന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതി എന്‍.കെ ശക്തിവേല്‍ റിമാന്‍ഡിലാണ്.

തൃശൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയാണ് ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കോയമ്പത്തൂരിലെ അന്നൂരില്‍ നിന്ന് പിടിയിലായ ശക്തിവേലിനെ തൃശൂര്‍ പോലീസ് ക്ലബില്‍ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കേസിലെ നാലാം പ്രതിയായ പ്രവീണിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ നാസിക്കില്‍ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അതേസമയം ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബം നടത്തിയിരുന്ന നിരാഹാര സമരം ഇന്നലെ പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹിജയെ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.