തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിന് പുറമെ കേരള സൈബര്‍ വാരിയേഴ്സും രംഗത്ത്. നെഹ്റു കോളേജ് ശൃഖലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് കേരള സൈബര്‍ വാരിയേഴ്സ് ജിഷ്ണുവിന്റെ നീതിക്കായി പോരാടാന്‍ ഇറങ്ങിയിരിക്കുന്നത്.

‘കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍’ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് നെഹ്റു കേളേജ് ശൃഖലയുടെ വെബ്സൈറ്റില്‍ കേരള സൈബര്‍ വാരിയേഴ്സ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു പ്രതിഭയെ നഷ്ടപ്പെട്ടു. വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടം മാത്രമാണെന്ന് കേരള സൈബര്‍ വാരിയേഴ്സ് നെഹ്റു കേളേജ് ശൃഖലയുടെ സൈറ്റില്‍ പോസ്റ്റ് ചെയ്തു. “ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത നിറഞ്ഞു നില്‍ക്കുന്നതിനാല്‍ തങ്ങള്‍ തൃപ്തരല്ലെന്നും ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ തങ്ങള്‍ പോരാടുമെന്നും” കേരള സൈബര്‍ വാരിയേഴ്സ് വ്യക്തമാക്കി.

നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളി ഹാക്കര്‍മാര്‍. തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു. മല്ലു ഹാക്കേഴ്‌സും സൈബര്‍ വാരിയേഴ്‌സും ചേര്‍ന്നൊരുക്കിയ ഹാക്കിംഗ് പണികൊടുക്കലുകള്‍ പാകിസ്ഥാന്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല. എംടിയുടെ വെബ്‌സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായി പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിംഗ് വീരന്മാര്‍ക്ക്. അവരാണ് ജിഷ്ണുവിന്റെ നീതിക്ക് വേണ്ടി ഈ കൃത്യം നിര്‍വഹിച്ചിരിക്കുന്നത്.