ന്യൂഡല്‍ഹി: പി.ഡി.പി-ബി.ജെ.പി സഖ്യം വേര്‍പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മുകശ്മീരിനെ ഇനി ഗവര്‍ണര്‍ ഭരിക്കും. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇത് എട്ടാം തവണയാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്. ജമ്മുകശ്മീരിൽ പി.ഡി.പി.-ബി.ജെ.പി സഖ്യമായിരുന്നു ഭരിച്ചിരുന്നത്. മെഹബൂബ മുഫ്തിയായിരുന്നു മുഖ്യമന്ത്രി. എന്നാൽ ഈ സഖ്യത്തിന് അധികനാൾ തുടരാനായില്ല. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് വീണ്ടും ഗവര്‍ണര്‍ ഭരണം ഏർപെടുത്തുകയായിരുന്നു.
2014 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിച്ചത്. 89 അംഗ നിയമസഭയില്‍ പി.ഡി.പിക്ക് 28ഉം ബി.ജെ.പിക്ക് 25ഉം അംഗങ്ങളാണുള്ളത്. മറ്റുള്ളവര്‍ 36 ആണ്. എന്നാൽ പി.ഡി.പിക്ക് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി മൂന്ന് വർഷത്തിന് ശേഷം കഴിഞ്ഞദിവസം സഖ്യം പിൻവലിക്കുകയായിരുന്നു. ഇതിന് ശേഷമാണു മെഹബൂബ മുഫ്തി രാജിവെച്ചത്. റമദാനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിൻ്റെ നടപടിക്കെതിരെ പി.ഡി.പി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചത്. ഇത് ബി.ജെ.പിയുമായി അകലാൻ കാരണമായി. ഇതിന് ശേഷം ജമ്മു കശ്മീരില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എമാരുടെ യോഗം ചേരുകയും ചെയ്തു. ഈ യോഗത്തിന് ശേഷമാണു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്തുണ പിൻവലിക്കാനുള്ള തീരുമാനം കൈകൊണ്ടത്.