
ഹൗഡി മോദി വേദിയിൽ ഡോണൾഡ് ട്രംപിനായി വോട്ടഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൗഡി മോദി പരിപാടിയിൽ ട്രംപിനെ അടുക്കല്‍ നിർത്തിയാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.2017ല്‍ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഇന്ത്യയാകുന്ന എന്‍റെ കുടുംബത്തിനെ ഇപ്പോൾ താങ്കളെ പരിചയപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് ഹൗഡി മോദി വേദി അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള വോട്ടഭ്യര്‍ത്ഥനാ വേദിയാക്കി മോദി മാറ്റിയത് .
ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണു ട്രംപ്. അദ്ദേഹത്തെ ഇവിടേക്കു സ്വാഗതം ചെയ്യാനായതിൽ അഭിമാനവും സന്തോഷവുമുണ്ട്. ട്രംപിന്റെ നേതൃപാടവത്തെ ആദരിക്കുന്നു. ഇക്കാലയളവിൽ രണ്ടു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തി. ട്രംപ് ഊര്‍ജസ്വലനും നല്ല സുഹൃത്തുമാണ്. അമേരിക്കയെ വീണ്ടും മഹത്തായ നിലയിലെത്തിക്കുക എന്നതിൽ ട്രംപ് പ്രതിജ്ഞാബദ്ധനാണ്. അബ് കി ബാർ ട്രംപ് സർക്കാർ (ഒരു തവണകൂടി ട്രംപ് സർക്കാർ)- മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദി ഇന്ത്യയിലെ ജനങ്ങൾക്കു വേണ്ടി മഹത്തായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മറുപടി പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. 300 ദശലക്ഷം ജനങ്ങളെ ദാരിദ്യ്രത്തിൽനിന്നും കൈപിടിച്ചുയർത്തിയ ഇന്ത്യയിലെ മോദി സർക്കാർ അഭിനന്ദനം അർഹിക്കുന്നെന്നും ട്രംപ് പറഞ്ഞു. ഡൊണാൾഡ് ട്രംപിനൊപ്പം കൈകോർത്ത് പിടിച്ച് നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി നടന്നുനീങ്ങിയത്. മോദിയുടെ പ്രസംഗം തീരുന്നത് വരെ ട്രംപ് വേദിയിലുണ്ടായിരുന്നു. ട്രംപിന് അമേരിക്കയില്‍ രണ്ടാമൂഴം ലഭിക്കട്ടെയെന്നും മോദി ആശംസിച്ചു.

ഇന്ത്യ ഇപ്പോൾ നേടുന്ന പുരോഗതി സ്വന്തം രാജ്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്തവരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി. ഈ ആളുകളുടെ അജണ്ട ഇന്ത്യയോടുള്ള വെറുപ്പാണ്, ഇവർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ഭീകരവാദികൾക്ക് അഭയം നൽകുന്നു, ലോകത്തിന് മുഴുവൻ അറിയാം ഇവരാരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിനെതിരെ നിർണ്ണായക നടപടിക്ക് സമയമായെന്നും ട്രംപ് ഈ നിർണ്ണായക നീക്കത്തിൽ ഉറച്ചു നില്ക്കുന്നതായും മോദി അഭിപ്രായപ്പെട്ടു.ജമ്മു കാശ്മീരിലെ ജനങ്ങളെ 370ആം അനുച്ഛേദം വഞ്ചിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾക്കുള്ള അധികാരം ജമ്മുകാശ്മീരിനും നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പ്രത്യേകതയെന്ന് മോദി ഓര്‍മ്മിപ്പിച്ചു. നമ്മളുടെ ജനാധിപത്യത്തിന്‍റെ ശക്തിയും പ്രചോദനവും ഈ വൈവിധ്യമാണ്. ഇന്നിവിടെ എത്തിയിരിക്കുന്ന 50,000 ഇന്ത്യക്കാരും ഈ വൈവിധ്യത്തിന്‍റെ പ്രതീകമാണെന്നും മോദി, മലയാളമടക്കം വിവിധ ഭാഷകളിൽ ഇന്ത്യയിൽ എല്ലാം നന്നായിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതിർത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും നിർണ്ണായകമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരൻമാരായ അമേരിക്കൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്നുവെന്നും ട്രംപ് തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്നും ട്രംപ് വ്യക്തമാക്കി.
