ചേലാകര്‍മം നടത്തിയതിനെ തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിൻ്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു; ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ പരാതിയുമായി മാതാപിതാക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing ചേലാകര്‍മം നടത്തിയതിനെ തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിൻ്റെ  ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു; ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ പരാതിയുമായി മാതാപിതാക്കള്‍

മലപ്പുറം: ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു. ചേലാകര്‍മ്മത്തെ തുടര്‍ന്ന് പെരുമ്പടപ്പ് കുവ്വക്കാട്ടയില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് സംഭവിച്ച അവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്. ചേലാകര്‍മം നടത്തിയ ഡോക്ടര്‍ക്കെതിരേ പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി മുക്കാല സ്വദേശി പഴങ്കരയില്‍ നൗഷാദ്, ഭാര്യ ജമീല, ഭര്‍ത്തൃമാതാവ് കുഞ്ഞുമോള്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 18നാണ് കുട്ടിയെ ചേലാകര്‍മത്തിന് വിധേയമാക്കുന്നത്. കുട്ടിയുടെ ജനനേന്ദ്രിയം ഗുരുതര പരുക്കേറ്റതോടെ മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരം ഉണ്ടാക്കിയിരിക്കുകയാണ്.ജനനേന്ദ്രിയത്തിന്റെ മുക്കാല്‍ ഭാഗം നഷ്ടപ്പെട്ടതായി വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന തരത്തില്‍ ചികിത്സ പിഴവു വരുത്തിയ ഡോക്ടറെ ദുര്‍ബല വകുപ്പു ചുമത്തി രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, ഡി.ജി.പി എന്നിവര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തിരൂരിലെ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങിന് എത്തിയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കമ്മിഷനംഗം മോഹന്‍കുമാര്‍ അന്വേഷണം ആരംഭിച്ചു. ഡോക്ടര്‍ക്കെതിരെയുള്ള ഈ പരാതി മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്ക് വിടുകയാണ് വേണ്ടതെന്ന് കമ്മിഷന് ഡിവൈഎസ്പി വ്യക്തമാക്കി.

0Shares