
ജൈവകൃഷിയിലൂടെ കിട്ടുന്ന പച്ചക്കറികളില്‍ പലതും കാന്‍സറിനെ ചെറുക്കുന്നവയാണെന്നതു സത്യമാണ്. ചുവന്ന നിറമുള്ള പഴവര്‍ഗങ്ങളില്‍ ലിയോപിന്‍ എന്ന ഘടകം കൂടുതലുണ്ട്. തണ്ണിമത്തന്‍, തക്കാളി തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. കാരോറ്റിനോയിഡ് കുടുംബത്തില്‍പ്പെട്ട ഈ ഘടകം പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തടയാന്‍ സഹായിക്കും.
പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയിലും ചില ഗുണകരമായ ഘടകമുണ്ട്. കോണ്‍ജഗേറ്റഡ്‌ലിനോലിനിക് ആസിഡ് സ്തനാര്‍ബുദത്തെ ചെറുക്കാന്‍ ശേഷിയുള്ളതാണ്. ഇതു പഠനങ്ങള്‍ വക്തമാക്കുന്നുണ്ട്. പാലുല്‍പ്പന്നങ്ങള്‍ മാത്രമല്ല സോയപ്രോട്ടീന്‍, ചായ, ഓറഞ്ച്‌നീര് തുടങ്ങിവയ്ക്കും ഈ ഗുണമുണ്ട്. സോയാപ്രോട്ടീനിലെ ഐസോഫ്‌ളേവോണ്‍സ്ഘടകം ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ പ്രവര്‍ത്തനശേഷി കുറയ്ക്കും. ഇതുവഴി സ്താനാര്‍ബുദ സാദ്ധ്യത കുറയും.

ആമാശയ കാന്‍സര്‍ തടയാന്‍
ഭക്ഷണം പെട്ടെന്നു കേടാക്കുക ആമാശയത്തെയാണ്. ആമാശയത്തിലെ ഹെലികോ ബാക്ടര്‍ പൈലോറൈ ബാക്ടീരിയ പലപ്പോഴും കാന്‍സറിനു കാരണമാകുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തെ നിലയ്ക്കുനിറുത്തുന്ന ചില പച്ചക്കറികളുണ്ട്. കാബേജും കോളിഫ്‌ളവറും ഇക്കൂട്ടത്തില്‍ മുമ്പില്‍നില്‍ക്കുന്നു.
ഭക്ഷണത്തില്‍ നാം ചേര്‍ക്കുന്ന മഞ്ഞള്‍, ഉലുവ, മല്ലി, കുരുമുളക്, വെളുത്തുള്ളി തുടങ്ങിയവയുടെ ഗുണങ്ങള്‍ നാം ഇപ്പോള്‍ മറന്നിരിക്കുകയാണ്. ഇവയിലെ ചില സൂഷ്മ ഘടകങ്ങളും കാന്‍സറിനെതിരെ പോരാടുന്നവയാണ്.
ചായയിലുള്ള പോളിഫിനോലിക് ആന്റി ഓക്‌സിഡന്റ്‌സ് പലതരം അര്‍ബുദത്തിനെതിരെയും പ്രവര്‍ത്തിക്കുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞളും അതുപോലുള്ള സുഗന്ധദ്രവ്യങ്ങളും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ചെറുക്കുന്ന രീതി ഒന്നുവേറെയാണ്. കേടായ ഡി. എന്‍. എ യുള്ള കോശങ്ങളെ നശിപ്പിക്കുന്നതിലൂടെയാണു മഞ്ഞളും മറ്റും കാന്‍സറിനെ ചെറുക്കുന്നത്.
ദഹനപ്രക്രിയ അതീവസൂഷ്മവും സങ്കീര്‍ണ്ണവുമായ പ്രക്രിയയാണ്. ഇതിനു സഹായകരമാകുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയാണു വേണ്ടത്. പൊതുവേ പറഞ്ഞാല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി കഴിച്ചാല്‍ കാന്‍സറിനെതിരേ ശരീരത്തെ പരുവപ്പെടുത്താം. ആഹാരത്തിലെ 25 ശതമാനമെങ്കിലും പച്ചക്കറി- പഴവര്‍ഗമായിരിക്കുന്നതു നല്ലതാണ്. ഡബ്‌ള്യു. എച്ച്. ഒ, എഫ്. എ. ഒ പഠനങ്ങള്‍ ഇതിനു ഉപോല്‍ബലകങ്ങളാണ്.

കൊഴുപ്പും മധുരവും
ഭക്ഷണത്തിലെ കൊഴുപ്പിന്‍റെയും മധുരത്തിന്‍റെയും തോത് എത്രയെന്നതിനെ ആശ്രയിച്ചാണു കാന്‍സറിനുള്ള സാദ്ധ്യത കൂടുതലായി കാണുന്നത്. ഇവ രണ്ടും കൂടുതലാവുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഈ ഊര്‍ജം കത്തിച്ചുകളയാനുള്ള ആയാസകരമായ പ്രവര്‍ത്തികളൊന്നും നാം ചെയ്യുന്നുമില്ല. ഇവിടെയാണു ബാലന്‍സ് തെറ്റുന്നത്. ഇനിയും ഇതിനൊപ്പം പുകവലിയും മദ്യപാനവുമുണ്ടെങ്കില്‍ കാര്യം കുഴപ്പത്തില്‍ തന്നെയെന്നു ഏതാണ്ട് ഉറപ്പിക്കാം.
ദഹനപ്രക്രിയയിലൂടെ ഉണ്ടാകുന്ന ചില ഉപോല്‍പ്പന്നങ്ങള്‍ ഡി.എന്‍.എ യുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇങ്ങനെയുണ്ടാകാതിരിക്കാന്‍ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യമുള്ള ശരീരത്തില്‍ ഇതു നന്നായി നടക്കും. അല്ലാത്തപക്ഷം ഡി. എന്‍. എ യ്ക്കു കേടുപാടുണ്ടായി കാന്‍സറിനുള്ള സാദ്ധ്യത കൂടും.
