
ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റു. മനോഹര്‍ പരീക്കറുടെ വിയോഗത്തെ തുടര്‍ന്ന് സഖ്യകക്ഷികളുടെ സമ്മര്‍ദം മറികടന്നാണ് മുന്‍ സ്പീക്കര്‍ കൂടിയായ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി പുലര്‍ച്ചെ 1.50ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തത്. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിഞ്ജ ചെയ്തു. സഖ്യകക്ഷി നേതാക്കളെ ഉപമുഖ്യമന്ത്രിമാരായി അംഗീകരിച്ചാണ് ബി.ജെ.പി ഗോവയില്‍ അധികാരം നിലനിര്‍ത്തിയത്.
ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ. സുദിന്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. . രാത്രി 12 മണിക്കാണ് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ട് ചര്‍ച്ച നടത്തിയത്. ഇന്നലെ രാത്രി 11ന് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത് എന്നാല്‍ സഖ്യകക്ഷികളുടെ വിലപേശല്‍ തുടര്‍ന്നതോടെ ഇത് റദ്ദാക്കിയിരുന്നു. പിന്നീട് പുലര്‍ച്ചെ രണ്ടോടെ സത്യപ്രതിജ്ഞ നടത്തുകയായിരുന്നു.

മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ ഗോവന്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കിയിരുന്നു. നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. പരീക്കറുടെ മരണത്തോടെ ഗോവയില്‍ ബി.ജെ.പി സഖ്യം ഇല്ലാതായെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ 14 എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്
സഖ്യസര്‍ക്കാരിലെ ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണവും രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയും 40 അംഗങ്ങളുണ്ടായിരുന്ന നിയമസഭയെ 37 അംഗങ്ങളിലേക്ക് ചുരുക്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ സഭയില്‍ 36 അംഗങ്ങളാണുള്ളത്. അതില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 12ഉം കോണ്‍ഗ്രസിന്റേത് 15ഉം ആണ്.
