തിരുവനന്തപുരം: ഗള്‍ഫിലെ വ്യവസായിയും പൊതുപ്രവര്‍ത്തകനുമായ അഷറഫ് താമരശേരിയെ പുകഴ്ത്തി സംസ്ഥാന ധന കാര്യ വകുപ്പ് മന്ത്രി തോമസ് ഐസകിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. തിരുവനന്തപുരത്ത് നടന്ന കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ആദ്യ രജിസ്‌ട്രേഷന്‍ അഷ്‌റഫ് നടത്തിയിരുന്നു. അഷ്‌റഫ് ഗള്‍ഫില്‍ നടത്തിയ സേവനങ്ങളെ പുകഴ്ത്തികൊണ്ടായിരുന്നു ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സംസാരിച്ചത്. ഇത് എടുത്ത് പറഞ്ഞാണ് ഫേസ് ബുക്കിലെ കുറിപ്പ് ആരംഭിക്കുന്നത്. വലിയൊരു സേവനമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്കുവേണ്ടി അഷ്‌റഫ് ചെയ്യുന്നത്. യു.എ.ഇ.യില്‍ മാത്രം ഓരോ മാസവും ശരാശരി 40 മലയാളികളെങ്കിലും മരിക്കാറുണ്ട്. 16 കേന്ദ്രങ്ങളില്‍ നിന്ന് രേഖകള്‍ വാങ്ങിയാലേ മൃതദേഹം എംബാം ചെയ്ത് നാട്ടിലേയ്ക്ക് അയയ്ക്കാന്‍ കഴിയൂ. സാധാരണക്കാര്‍ക്ക് ഇതൊരു ബാലികേറാമലയാണ്. പണക്കാരാണെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നടപടിക്രമങ്ങള്‍ എല്ലാവരും പൂര്‍ത്തിയായേ മതിയാകൂ. ദുബൈയില്‍ വച്ച് മരണമടഞ്ഞ നടി ശ്രീദേവിയുടെ മരണം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയില്‍ 4-5 ദിവസം എടുക്കുന്ന നടപടിക്രമങ്ങള്‍ ഒരു ദിവസം ഏറിയാല്‍ രണ്ടു ദിവസം കൊണ്ട് അഷ്‌റഫ് പൂര്‍ത്തിയാക്കിയത്. പലപ്പോഴും മയ്യത്ത് കുളിപ്പിക്കുന്നതും അദ്ദേഹം തന്നെ.
ആരുടെ കൈയില്‍ പണമില്ലെങ്കിലും അതെല്ലാം അദ്ദേഹം തന്നെ നിര്‍വ്വഹിച്ചുകൊള്ളും. പിന്നീട് തൊഴില്‍ ദാതാവിന്റെ കൈയില്‍ നിന്നോ എംബസിയില്‍ നിന്നോ റീ-ഇംബേഴ്‌സ് ചെയ്ത് കിട്ടും. കിട്ടിയില്ലെങ്കില്‍ അതും അഷ്‌റഫ് തന്നെ സഹിച്ചുകൊള്ളുമെന്ന് ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു. പ്രവാസി ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരണമടഞ്ഞാല്‍ അവര്‍ക്ക് മൂന്ന് ആനുകൂല്യങ്ങള്‍ പ്രവാസി ചിട്ടിയില്‍ നിന്നും ലഭിക്കും. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുന്ന ചെലവ് കെ.എസ്.എഫ്.ഇ വഹിക്കും. അപകട മരണമാണെങ്കില്‍ അപകട ഇന്‍ഷ്വറന്‍സ് ലഭിക്കും. ചിട്ടി വട്ടമെത്തിയില്ലെങ്കില്‍ ബാക്കിയുള്ള മാസ ഗഡുക്കള്‍ ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കും. ഇതാണ് അഷ്‌റഫിനെ പ്രവാസി ചിട്ടിയുടെ ആദ്യ രജിസ്‌ട്രേഷന്‍ എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഭാരതീയ പ്രവാസി അവാര്‍ഡിന് അര്‍ഹനായ ഈയൊരു നല്ല മനുഷ്യനെ രജിസ്‌ട്രേഷന് തുടക്കം കുറിക്കാന്‍ ലഭിച്ചതില്‍ കെഎസ്എഫ്ഇയ്ക്കും എനിക്കും വലിയ സന്തോഷമുണ്ടെന്നും തോമസ് ഐസക് പറയുന്നു.
തോമസ് ഐസകിന്റെ ഫേസ് ബുക്ക് പോസ്റ്റിലെ പൂര്‍ണരൂപം
പ്രവാസിചിട്ടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചടങ്ങിലെ താരം അഷ്‌റഫ് താമരശ്ശേരി ആയിരുന്നു. മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ അദ്ദേഹത്തെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചു. അത്തരമൊരു വലിയൊരു സേവനമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്കുവേണ്ടി ചെയ്യുന്നത്. യു.എ.ഇ.യില്‍ മാത്രം ഓരോ മാസവും ശരാശരി 40 മലയാളികളെങ്കിലും മരിക്കാറുണ്ട്. 16 കേന്ദ്രങ്ങളില്‍ നിന്ന് രേഖകള്‍ വാങ്ങിയാലേ മൃതദേഹം എംബാം ചെയ്ത് നാട്ടിലേയ്ക്ക് അയയ്ക്കാന്‍ കഴിയൂ. സാധാരണക്കാര്‍ക്ക് ഇതൊരു ബാലികേറാമലയാണ്. പണക്കാരാണെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നടപടിക്രമങ്ങള്‍ എല്ലാവരും പൂര്‍ത്തിയായേ മതിയാകൂ. ദുബൈയില്‍ വച്ച് മരണമടഞ്ഞ നടി ശ്രീദേവിയുടെ അനുഭവം നമുക്ക് അറിയാമല്ലോ. ഇവിടെയാണ് അഷ്‌റഫിന്റെ സേവനം. സാധാരണഗതിയില്‍ 4-5 ദിവസം എടുക്കുന്ന ഈ നടപടിക്രമങ്ങള്‍ ഒരു ദിവസം ഏറിയാല്‍ രണ്ടു ദിവസം കൊണ്ട് അഷ്‌റഫ് പൂര്‍ത്തിയാക്കും. പലപ്പോഴും മയ്യത്ത് കുളിപ്പിക്കുന്നതും അദ്ദേഹം തന്നെ. നിങ്ങളുടെ കൈയില്‍ പണമില്ലെങ്കിലും അതെല്ലാം അദ്ദേഹം തന്നെ നിര്‍വ്വഹിച്ചുകൊള്ളും. പിന്നീട് തൊഴില്‍ ദാതാവിന്റെ കൈയില്‍ നിന്നോ എംബസിയില്‍ നിന്നോ റീ-ഇംബേഴ്‌സ് ചെയ്ത് കിട്ടും. കിട്ടിയില്ലെങ്കില്‍ അതും അഷ്‌റഫ് തന്നെ സഹിച്ചുകൊള്ളും.
രണ്ടായിരത്തിലാണ് ഒരാളുടെ കരച്ചില്‍ കണ്ട് ഇത്തരമൊരു സേവനത്തിന് അഷ്‌റഫ് തുനിഞ്ഞിറങ്ങിയത്. പിന്നീട് മരണമുണ്ടായാല്‍ എല്ലാവരും അഷ്‌റഫിനെ ആശ്രയിക്കുകയായി. ഒരു പലചരക്ക് കടയാണ് അഷ്‌റഫിന്റെ വരുമാനം. അറബിയും ഉദാരമനസ്‌കനാണ്. ക്രമേണ അഷ്‌റഫിന്റെ സത്പ്രവര്‍ത്തി കണ്ട് പലരും സഹായികളായി മുന്നോട്ടുവന്നു. അങ്ങനെയൊരു സംഘം ഉള്ളതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇപ്പോള്‍ അഷ്‌റഫിനെപ്പോലെ മറ്റു പലരും ഈ ദീനാനുകമ്പ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇന്നും പലരും ആശ്രയിക്കുന്നത് അഷ്‌റഫിനെ തന്നെ.
പ്രവാസി ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരണമടഞ്ഞാല്‍ അവര്‍ക്ക് മൂന്ന് ആനുകൂല്യങ്ങള്‍ പ്രവാസി ചിട്ടിയില്‍ നിന്നും ലഭിക്കാം. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുന്ന ചെലവ് കെഎസ്എഫ്ഇ വഹിക്കും. അപകട മരണമാണെങ്കില്‍ അപകട ഇന്‍ഷ്വറന്‍സ് ലഭിക്കും. ചിട്ടി വട്ടമെത്തിയില്ലെങ്കില്‍ ബാക്കിയുള്ള മാസ ഗഡുക്കള്‍ ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കും. ഇതാണ് അഷ്‌റഫിനെ പ്രവാസി ചിട്ടിയുടെ ആദ്യ രജിസ്‌ട്രേഷന്‍ എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭാരതീയ പ്രവാസി അവാര്‍ഡിന് അര്‍ഹനായ ഈയൊരു നല്ല മനുഷ്യനെ രജിസ്‌ട്രേഷന് തുടക്കം കുറിക്കാന്‍ ലഭിച്ചതില്‍ കെഎസ്എഫ്ഇയ്ക്കും വലിയ സന്തോഷം.ദുബൈ സര്‍ക്കാരിന്റെ ഔദ്യോഗിക ഹിറ്റ് എഫ്.എം റേഡിയോയുടെ ഫസലു റഹ്മാനും കൂട്ടുകാരും എന്നെ കാണാന്‍ വന്നിരുന്നു. താമസിയാതെ അഷ്‌റഫും എത്തിച്ചേര്‍ന്നു. അവരാണ് അഷ്‌റഫിനെ വിളിച്ചുവരുത്തിയത്. ഒത്തിരി സങ്കടകഥകള്‍ പറഞ്ഞു. ഒറീസ്സയില്‍ ഒരു മൃതദേഹം എത്തിച്ച അനുഭവം അഷ്‌റഫ് പറഞ്ഞു. മൂന്നു ദിവസം കാത്തിരുന്നിട്ടും മൃതദേഹം ഏറ്റെടുക്കാന്‍ ആരും വന്നില്ല. അവസാനം അഷ്‌റഫ് അവിടെ നിന്നും മടങ്ങി. ദുബൈയില്‍ തിരിച്ചെത്തിയപ്പോള്‍ ഒറീസ്സയില്‍ നിന്നും ഫോണ്‍. മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോയി. മൃതദേഹം കൊണ്ടുവന്നതിന്റെ ചെലവ് കൊടുക്കേണ്ടി വരുമെന്ന് പേടിച്ച് അവര്‍ മാറി നില്‍ക്കുകയായിരുന്നു. നിവര്‍ത്തിയില്ലാത്തതുകൊണ്ടാണ് മാപ്പു തരണമെന്ന് പറയാണ് അവര്‍ വിളിച്ചത്. ഓരോ മരണവും ഓരോ മനുഷ്യകഥയാണ്. മാസം 10-15 പേരെങ്കിലും ആത്മഹത്യ ചെയ്യാറുണ്ട്. അത്രയ്ക്ക് ദയനീയമാണ് പലരുടെയും ജീവിതാവസ്ഥ. ആത്മഹത്യ പ്രവണതയില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കുന്നതിനു വേണ്ടി രൂപീകരിച്ച സംഘടനയുടെ പ്രസിഡന്റ് ആത്മഹത്യ ചെയ്ത കഥ അഷ്‌റഫ് പറഞ്ഞു.
അഷ്‌റഫിന് ഒരു നിര്‍ദ്ദേശമാണ് പറയാനുണ്ടായിരുന്നത്. മൃതദേഹം ഞങ്ങള്‍ ഇന്നത്തേതുപോലെ അവിടുത്തെ ചെലവില്‍ വീട്ടില്‍ എത്തിച്ചു തരാം. പക്ഷെ നാട്ടിലെ ചെലവുകളില്ലേ. കെഎസ്എഫ്ഇ ഇതിനായി നീക്കിവയ്ക്കുന്ന പണം മരണസഹായമായി നല്‍കിയാല്‍ മതി. എന്തുകൊണ്ടും പരിഗണനാര്‍ഹമായ ഒരു നിര്‍ദ്ദേശമാണ് ഇതെന്ന് എനിക്കു തോന്നി.
#Thomasisac